മുരിങ്ങക്കായ തൊട്ടാൽ പൊള്ളും; കിലോയ്ക്ക് വില 600 രൂപ

 

കാഞ്ഞിരപ്പള്ളി: സാമ്പാറിൽ മുങ്ങിത്തപ്പിയാലും ഒരു കഷണം മുരിങ്ങക്കായ കിട്ടില്ല. അവിയലിലും സ്ഥിതി അതുതന്നെ. രുചിയൽപ്പം കുറഞ്ഞാലും തത്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ആഴ്ചകൾക്കു മുൻപേ കിലോയ്ക്ക് 130-150 രൂപയുണ്ടായിരുന്ന വില ഇപ്പോൾ 600 രൂപ വരെയെത്തി. മാർക്കറ്റുകളിൽവരെ കിട്ടാനുമില്ല. 


വലിയ കടകളിൽപോലും ഏതാനും കിലോ മാത്രമാണുള്ളത്. ഇത്ര വലിയ വില നൽകി ആരും വാങ്ങില്ലെന്നതിനാൽ സാധനം എടുക്കുന്നില്ലെന്ന് ചില്ലറ വിൽപ്പനക്കാർ പറയുന്നു.


അതേസമയം കാഞ്ഞിരപ്പള്ളിയിൽ ഒരുമാസത്തിനിടെ മുരിങ്ങക്കാ വില പത്തിരിട്ടിയിലധികം വർധിച്ചു. കഴിഞ്ഞ മാസം 30 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്കായ്ക്ക് ഇവിടെ 380 രൂപയായി. നാടൻ മുരിങ്ങക്കായ്ക്ക് 420 രൂപ വരെ നൽകണം. വിളവെടുപ്പ് കാലം കഴിഞ്ഞതാണ് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്.


മണ്ഡലകാലത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുരിങ്ങക്കായയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. അതിനാൽ വില ഉയരുന്നതും പതിവാണ്. കഴിഞ്ഞ വർഷം 500 രൂപവരെ വില  ഉയർന്നിരുന്നു. ഇത്തവണ പക്ഷേ, കാലാവസ്ഥ പ്രതികൂലമായതോടെ ഉത്പാദനവും കുറഞ്ഞു. 


കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായും മുരിങ്ങക്കായ എത്തുന്നത്. വരണ്ട കാലാവസ്ഥയിൽ പൂക്കുകയും കായ് പിടിക്കുകയും  ചെയ്യുന്ന വിളയാണിത്. തമിഴ്നാട്ടിൽ ഇടയ്ക്കിടെയുള്ള മഴ ഉത്പാദനത്തെ ബാധിച്ചതായി കച്ചവടക്കാർ പറയുന്നു.


തക്കാളിയുടെ വിലയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൂടി. കിലോയ്ക്ക് 30-40 രൂപയുണ്ടായിരുന്ന തക്കാളിക്ക് 65-75 രൂപവരെയാണ് ചില്ലറ വിൽപ്പന വില.


Previous Post Next Post