അധ്യക്ഷ സ്ഥാനത്തില്‍ കണ്ണുവെച്ച്‌ നിരവധി പേ‌ര്‍, യുഡിഎഫിന് വമ്ബൻ വിജയം കിട്ടിയ കോട്ടയത്തും പ്രതിസന്ധി

യുഡിഎഫ് വമ്ബൻ നേട്ടം കൊയ്ത കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്ക് സമവായത്തിലെത്താൻ കഴിയാതെ നേതൃത്വം

ജില്ലാ പഞ്ചായത്തിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും ഒന്നിലധികം പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ ടേമില്‍ കേരള കോണ്‍ഗ്രസിന് നല്‍കുന്ന പഞ്ചായത്തുകള്‍ സംബന്ധിച്ചും ധാരണയായിട്ടില്ല. കഴിഞ്ഞ തവണ നഷ്ടപെട്ടതെല്ലാം തിരിച്ച്‌ പിടിച്ച യുഡിഎഫ് ജില്ലയില്‍ കരുത്തരാണ്. പക്ഷെ കരുത്ത് ചോരാതെ അധ്യക്ഷത സ്ഥാനങ്ങളില്‍ അന്തിമ തീരുമാനമുറപ്പിക്കാൻ വെല്ലുവിളികളേറെ ബാക്കിയാണ്.

അധ്യക്ഷ സ്ഥാനം മോഹിക്കുന്നവർ ഒന്നിലധികം

പഞ്ചായത്തുകളിലും നഗരസഭകളിലും അധ്യക്ഷ സ്ഥാനം മോഹിക്കുന്നവർ ഒന്നിലധികമുണ്ട്. പലയിടത്തും മുതിർന്ന നേതാക്കള്‍ മുതല്‍ യുവാക്കള്‍ വരെ. കെപിസിസി സർക്കുലർ പാലിച്ച്‌ എല്ലാവരെയും തൃപ്തിപ്പെടുത്തി പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട് ജില്ലാ പഞ്ചായത്തിലും കോട്ടയം നഗരസഭയിലും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജനറല്‍ ആണ്. വാകത്താനത്ത് നിന്ന് ജയിച്ച കെപിസിസി ജനറല്‍ സെക്രട്ടി ജോഷി ഫിലിപ്പ് ആണ് പട്ടികയില്‍ ആദ്യ പേരുകാരൻ. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയായ ജോഷി ഫിലിപ്പിന് വേണ്ടി ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്.

സിപിഎം കേന്ദ്രമായ കുമരകത്ത് അട്ടിമറി വിജയം നേടിയ പി കെ വൈശാഖിനെ പ്രസിഡന്‍റ് ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നാല് അംഗങ്ങളാണ് കേരള കോണ്‍ഗ്രസിന് ഉള്ളത്. ഇതില്‍ വനിതകള്‍ ഇല്ല. അതുകൊണ്ട് വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാൻ കഴിയില്ല. ഈ സാഹചര്യത്തില്‍ ഒരു ടേം പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും. കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തും കോണ്‍ഗ്രസ് പട്ടികയിലുള്ളത് മൂന്ന് പേരാണ്. തുടർച്ചയായി ആറാം തവണ ജയിച്ച എം പി സന്തോഷ്കുമാർ, യുവ നേതാവ് ടോം കോര, മുതിർന്ന നേതാവ് ടി സി റോയി എന്നിവർക്ക് വേണ്ടി പല വിഭാഗങ്ങള്‍ വാദിക്കുന്നുണ്ട്. ഏറ്റുമാനൂർ നഗരസഭ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, അതിരമ്ബുഴ, നെടുങ്കുന്നം, കാണക്കാരി, തൃക്കൊടിത്താനം, കടനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആദ്യ ടേം അധ്യക്ഷ സ്ഥാനം വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം.
Previous Post Next Post