ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന കൊല്ലം സ്വദേശിയായ ലിനുവിനെ അതുവഴി യാദൃശ്ചികമായി എത്തിയ മൂന്ന് ഡോക്ടര്‍മാര്‍ സംഭവ സ്ഥലത്തു തന്നെ അടിയന്തര ചികിത്സ നല്‍കി രക്ഷിച്ച വാര്‍ത്ത വലിയ വൈറലായിരുന്നു. ആശുപത്രിയിലെ ഓപ്പറേഷന്‍ മുറിയില്‍ ചെയ്യേണ്ട അടിയന്തര ചികിത്സയാണ് ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഷേവിങ് ബ്ലേഡും സ്‌ട്രോയും മാത്രം ഉപയോഗിച്ച് നടത്തിയത്.എറണാകുളം ഉദയംപേരൂരിനു സമീപമാണ് സിനിമാക്കഥയെ വെല്ലുന്ന രക്ഷാപ്രവര്‍ത്തനം ഉണ്ടായത്. യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അപ്പോള്‍ തന്നെ മരിക്കുന്ന സാഹചര്യമായിരുന്നു ആ സമയത്തുണ്ടായത്. ഈ സാഹചര്യത്തിലാണ് എങ്ങനെയെങ്കിലും ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ഡോ. ബി. മനൂപ്, ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ലിനു ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.ആശുപത്രിയിലെത്തിക്കാന്‍ സമയം വൈകുമെന്ന് കണ്ടതോടെ നാട്ടുകാരുടെ സഹായത്തോടെ സംഘടിപ്പിച്ച ഒരു ബ്ലേഡും പ്ലാസ്റ്റിക് സ്‌ട്രോയും ഉപയോഗിച്ച് റോഡരികിലെ വെളിച്ചത്തില്‍ ഡോക്ടര്‍മാര്‍ ശ്വാസനാളത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശ്വാസം നിലച്ചുപോകുമായിരുന്ന നിമിഷത്തില്‍ ലിനുവിന് പ്രാണവായു നല്‍കാന്‍ ഈ ഇടപെടലിലൂടെ സാധിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ വെല്‍കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.ഡോക്ടര്‍മാരുടെ ധീരമായ ഇടപെടലില്‍ നാടൊന്നാകെ ലിനുവിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലായിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ഡോക്ടര്‍മാര്‍ക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചിരുന്നത്. എന്നാല്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം
റോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ലിനു മരണത്തിന് കീഴടങ്ങി.
Malayala Shabdam News
0