ദീപ്തി ആഗ്രഹിച്ചതിൽ തെറ്റില്ല, പ്രയാസം സ്വാഭാവികം; പാർട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാൽ

 


ന്യൂഡൽഹി: കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം എന്തു തന്നെയായാലും അന്തിമമാണെന്ന് കോൺ​ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തീരുമാനത്തിൽ അപാകതകളോ പരാതികളോ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യേണ്ടത് പാർട്ടി വേദികളിലാണ്. പാർട്ടി തീരുമാനത്തെ ദീപ്തി അംഗീകരിക്കണം. ദീപ്തി മേരി വർഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികമാണ്. 1987 കാലഘട്ടത്തിൽ താൻ കെഎസ് യു പ്രസിഡന്റായിരുന്നപ്പോൾ എറണാകുളം മഹാരാജാസ് കോളജിലെ കെഎസ് യുവിന്റെ ശക്തയായ പ്രവർത്തകയായിരുന്നു ദീപ്തിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.


അന്ന് കെ എസ് യു വിന് കടന്നുചെല്ലാൻ പോലും പറ്റാത്ത ഇടമായിരുന്നു മഹാരാജാസ് കോളജ്. അന്നു മുതൽ ഇന്നുവരെ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ചു നിന്ന സഹോദരി എന്ന നിലയിൽ ദീപ്തി മേയർ പദവി ആഗ്രഹിച്ചു എങ്കിൽ തെറ്റു പറയാനാകില്ല. വിഷമം ഉണ്ടായതും തെറ്റാണെന്ന് പറയാനാകില്ല. പക്ഷെ പാർട്ടി ഒരു തീരുമാനമെടുത്താൻ അംഗീകരിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്.


കോൺഗ്രസിന് ഇത്തരം പദവികളിലേക്ക് തെരഞ്ഞെടുക്കാൻ കോൺഗ്രസിന്റേതായ രീതികളുണ്ട്. എല്ലാ സമൂഹങ്ങളെയും, എല്ലാ സമുദായങ്ങളേയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒന്നിനോടും കടക്കു പുറത്ത് എന്നു പറയാറില്ല. എല്ലാവരുടേയും വികാരങ്ങളേയും വിചാരങ്ങളേയും പാർട്ടി ഉൾക്കൊള്ളും. അന്നത്തെ കാലഘട്ടത്തിൽ പാർട്ടിക്ക് അനുയോജ്യം എന്ന തരത്തിൽ, പാർട്ടി തലങ്ങളിൽ കൂടിയാലോചിച്ച് എടുക്കുന്നതാണ് പാർട്ടിയുടെ തീരുമാനങ്ങളെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.


കോർ കമ്മിറ്റി യോഗം ചേർന്ന്, കൗൺസിലർമാരുടെ അഭിപ്രായം തേടിയ ശേഷം കെപിസിസി നേതാക്കളുമായി ആലോചിച്ചാണ് മേയർ പദവിയിൽ തീരുമാനമെടുത്തതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. ഗ്രുപ്പു മാനേജർമാർ ഭീഷണിപ്പെടുത്തിയെന്ന അജയ് തറയിലിന്റെ അഭിപ്രായം ശരിയല്ല. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. എല്ലാവരും സ്വാതന്ത്ര്യം ഉള്ളവരാണ്. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം വളരെ യോഗ്യതയുള്ളവരാണ്. അഭിപ്രായങ്ങൾ ഉള്ളവരുമാണ്. കെപിസിസിയുടെ പരിഗണനകൾ അടക്കം പരിശോധിച്ചാണ് തീരുമാനമെടുത്തത്.


ഒരാളോടും അനീതി കാണിച്ചിട്ടില്ല. എല്ലാവരോടും നീതി കാണിച്ചിട്ടുണ്ട്. ഇനി സ്റ്റാൻഡിങ് കമ്മിറ്റികൾ തെരഞ്ഞെടുക്കുമ്പോഴും മാനദണ്ഡങ്ങൾ അനുസരിച്ചേ തീരുമാനമുണ്ടാകൂ. പരിഭവങ്ങൾ ഉണ്ടാകാം. വി ഡി സതീശൻ എന്തെങ്കിലും ഉറപ്പുകൊടുത്തിട്ടുണ്ടോയെന്ന് അറിയില്ല. അക്കാര്യം അദ്ദേഹം തന്നെ പറയട്ടെ. ഗ്രൂപ്പ് അതിപ്രസരമൊന്നും ഇല്ല. ഗ്രൂപ്പുകൾക്ക് ഇപ്പോൾ വലിയ പ്രസക്തിയൊന്നുമില്ല. ഇത്രയും വലിയ ഗ്ലാമർ വിജയം ഉണ്ടായപ്പോൾ കല്ലുകടി ഉണ്ടാകേണ്ട കാര്യമില്ല. എല്ലാവരും ഒരുമിച്ച് നിൽക്കണം. എല്ലാവരുടേയും താൽപ്പര്യം സംരക്ഷിക്കപ്പെടും. കൗൺസിലർമാരുടെ പിന്തുണയും, മറ്റു ഘടകങ്ങളും പരിഗണിച്ചാണ് മേയർ പദവിയിൽ തീരുമാനമെടുത്തതെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.

Previous Post Next Post