വി സി നിയമന തര്‍ക്കത്തില്‍ ഡോ. സിസാ തോമസിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഖണ്ഡിക്കാന്‍ ഗവര്‍ണര്‍ ശക്തമായ വാദങ്ങളാണ് നിരത്തിയത്. സിസാ തോമസ് യോഗ്യയാണ് എന്ന് സര്‍ക്കാരിന് തന്നെ ബോധ്യമുണ്ടെന്നാണ് ഗവര്‍ണറുടെ നിലപാട്. ടെക്‌നോ പാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും സി.ഇ.ഒ.യെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സര്‍ക്കാര്‍ സിസാ തോമസിനെ നിയോഗിച്ചിരുന്നു. കെ-സ്പേസ്, ഇക്‌ഫോസ്, കെ-ഫോണ്‍ എന്നിവയുടെ നേതൃനിരയില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്ഫോം തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സിസാ തോമസിനെ സര്‍ക്കാര്‍ അംഗമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസാ തോമസ് അംഗമായിരുന്നു. നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസാ തോമസ് എന്ന് സര്‍ക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഗവര്‍ണര്‍ ആരാഞ്ഞതായാണ് വിവരം.
ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് (ചാന്‍സലര്‍ക്ക്) നല്‍കിയ പട്ടികയില്‍ നിന്നുതന്നെ വി സി നിയമനം നടത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ എപ്പോഴും സമവായത്തോടുകൂടി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
വി സി നിയമനത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ സുപ്രീംകോടതി നേരിട്ട് ഈ രണ്ട് സര്‍വകലാശാലകളിലും വി സിമാരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍, സമവായം ഉണ്ടായിട്ടുണ്ടെങ്കില്‍ വ്യാഴാഴ്ച സുപ്രീം കോടതിയിലായിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക.
