പത്തനംതിട്ട: കോൺഗ്രസ് എംപി ശശി തരൂരിന് വീർ സവർക്കർ പുരസ്കാരം നൽകുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമലയിലെത്തിയ വിഡി സതീശൻ ശബരിമല സ്വർണകൊള്ളയിലടക്കം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ശശി തരൂരിൻറെ സവർക്കർ പുരസ്കാര വിവാദത്തിലും പ്രതികരണം തേടിയത്. ചോദ്യത്തിൽ പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് ഒന്നും പറയാനില്ലെന്ന രീതിയിൽ വിഡി സതീശൻ പോവുകയായിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചതിലും അടൂർ പ്രകാശ് വിവാദത്തിലും വിഡി സതീശൻ മറുപടി നൽകി. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെയെന്നും നിലപാടിൽ മാറ്റമില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരായ നടപടി ബോധ്യത്തിൻറെ അടിസ്ഥാനത്തിലുള്ളതാണ്. രാഹുൽ നാളെ വോട്ട് ചെയ്യാൻ വരുമോയെന്ന് അറിയില്ല.
ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള അടൂർ പ്രകാശിൻറെ പരാമർശം അദ്ദേഹത്തിന് സംഭവിച്ച ഒരു ചെറിയ സ്ലിപ്പ് മാത്രമാണെന്നും പിന്നീട് അദ്ദേഹം തന്നെ നിലപാട് തിരുത്തിയെന്നും വിഡി സതീശൻ പറഞ്ഞു. താനും കെപിസിസി അധ്യക്ഷനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. കോൺഗ്രസും യുഡിഎഫും അതിജീവിതക്കൊപ്പം തന്നെയാണ്. ശബരിമല സ്വർണ കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്യണം. അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണം. സ്വർണകൊള്ളയിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ട്. സ്വർണകൊള്ളയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്. സ്വർണ കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളിൽ തുറന്ന സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണിപ്പോൾ. തെരഞ്ഞെടുപ്പ് കഴിയും വരെ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ സർക്കാർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തി. ശബരിമലയിലെ സ്വർണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വർണ്ണത്തിന് തൂക്കത്തേക്കാൾ മൂല്യമുള്ളതാണെന്നും വിഡി സതീശൻ പറഞ്ഞു.
