കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. മേയർ നിർണ്ണയത്തിൽ അസംതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് രംഗത്തെത്തിയതോടെ പാർട്ടിയിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്.
മേയർ സ്ഥാനത്തിൽ നിന്ന് തഴയപ്പെട്ട ഐ ഗ്രൂപ്പിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മെട്രോപൊളിറ്റൻ (എംപിസി) ചെയർപേഴ്‌സണാക്കാമെന്ന് നേതൃത്വത്തിന്റെ ഉറപ്പ്
ദീപ്തി മേരി അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ചതിച്ചെന്ന പരാതിയും നേതാക്കളോട് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടാണ് താൻ മത്സരിച്ചതെന്നും ജയിച്ചാൽ മേയറാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്ന് ആരോപിച്ച് ദീപ്തി മേരി കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയെന്ന വിവരമുണ്ട്.
മേയറെ നിശ്ചയിച്ച വിവരം തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിഞ്ഞിട്ടില്ലെന്നും ദീപ്തി പറഞ്ഞു. മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ദീപ്തിയെ വെട്ടി എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി വി.കെ. മിനിമോളെയും ഷൈനി മാത്യുവിനെയും ടേം വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. കെസി വേണുഗോപാലിനോട് രാഷ്ട്രീയമായി അടുപ്പമുള്ള വ്യക്തിയാണ് ദീപ്തി മേരി വർഗ്ഗീസ്. രണ്ടു കാര്യങ്ങളിൽ കെപിസിസി മാർഗ്ഗ നിർദ്ദേശവും അട്ടിമറിക്കപ്പെട്ടു. ഇത് വ്യക്തവുമാണ്. ഇതിന് എറണാകുളം ഡിസിസി നൽകുന്ന മറുപടി നിർണ്ണായകമാകും. വിഡി സതീശന്റെ പിന്തുണയിലാണ് മിനി മോൾ ആദ്യ ടേമിൽ കൊച്ചിയിൽ മേയറാകുന്നത് എന്നാണ് ഉയരുന്ന വാദം.
