തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ പെണ്‍കുട്ടിക്ക് അശ്ലീല പരാമര്‍ശം; യുവാവിന് തലയ്ക്ക് പരിക്ക്.


തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡില്‍ പെണ്‍കുട്ടിക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയെന്നാരോപിച്ച്‌ ഉണ്ടായ സംഘർഷത്തില്‍ യുവാവിന് തലയ്ക്ക് പരിക്കേറ്റു.

ചങ്ങനാശ്ശേരി പുതുപ്പറമ്ബില്‍ വീട്ടില്‍ വിഷ്ണു (27)വിനാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയോട് വിഷ്ണു അശ്ലീല ഭാഷയില്‍ സംസാരിച്ചതായി ആരോപണമുണ്ട്. ഇതിനെ തുടർന്ന് പെണ്‍കുട്ടി സുഹൃത്തായ യുവാവിനെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ യുവാവും വിഷ്ണുവും തമ്മില്‍ ബസ് സ്റ്റാൻഡിന് പുറത്ത് വാക്കേറ്റമുണ്ടായി.

വാക്കേറ്റത്തിനിടയില്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന താഴ് അടങ്ങിയ ഇരുമ്ബുചങ്ങല ഉപയോഗിച്ച്‌ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മർദിക്കാൻ വിഷ്ണു ശ്രമിച്ചതായാണ് വിവരം. ചങ്ങല പിടിച്ചെടുത്ത യുവാവ് അതേ ചങ്ങല ഉപയോഗിച്ച്‌ വിഷ്ണുവിന്റെ തലയ്ക്ക് അടിച്ചതോടെ ഇടതു നെറ്റിയില്‍ മുറിവേറ്റു.

സംഭവമറിഞ്ഞ് സമീപത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ സ്ഥലത്തെത്തിയെങ്കിലും, രക്തം വാർന്ന നിലയിലും വിഷ്ണു പെണ്‍കുട്ടിയോടും സുഹൃത്തിനോടും ഭീഷണിയും അസഭ്യവർഷവും തുടർന്നതായി പറയുന്നു. ഇതോടെ സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരടക്കമുള്ളവർ വിഷ്ണുവിനെതിരെ രംഗത്തെത്തി.

ട്രാഫിക് പൊലീസുകാരൻ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥർ എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.

Previous Post Next Post