ശബരിമല സ്വര്‍ണക്കൊള്ള: വിശാല ഗൂഢാലോചനയെന്ന് എസ്‌ഐടി, പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയില്‍ വാങ്ങും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിശാലമായ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെയും സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച്‌ പരാമര്‍ശമുള്ളത്.

ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. സ്വര്‍ണക്കൊള്ള കേസില്‍ പങ്കജ് ഭണ്ഡാരിയെ 12ാം പ്രതിയായും ഗോവര്‍ധനെ 13ാം പ്രതിയായുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും സ്വര്‍ണമോഷണത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിലപാട്. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരിയും ഗോവര്‍ധന്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡിലെ ചിലരുമായി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. ഈ സാഹചര്യത്തില്‍ പ്രതികളുടെ അറസ്റ്റ് നിര്‍ണായകമായിരുന്നു.

സ്വര്‍ണ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ സ്മാര്‍ട് ക്രിയേഷനിലെത്തിച്ച്‌ സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതില്‍നിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരിയെടുത്തു. ബാക്കി 470 ഗ്രാം സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റു. ഇക്കാര്യം ഉണ്ണികൃഷ്ണന്‍ പോറ്റി എസ്.ഐ.ടിക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും ഇവരുവര്‍ക്കും അറിയാമായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍ രണ്ടാം പ്രതി കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. സ്വര്‍ണം സ്മാര്‍ട് ക്രിയേഷനില്‍ നിന്നും ഗോവര്‍ധന്റെ പക്കലെത്തിച്ചത് കല്‍പേഷാണെന്നാണ് കണ്ടെത്തല്‍.
Previous Post Next Post