പിഎം ശ്രീയിലെ പാലം ബ്രിട്ടാസ് എന്ന് കേന്ദ്രമന്ത്രി; നിര്‍വഹിച്ചത് എംപിയുടെ ചുമതലയെന്ന് മറുപടി

പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായി നിന്നത് ജോണ്‍ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.

അക്കാര്യത്തില്‍ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയെ അറിയിച്ചു. സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളെയും മുന്‍നിര്‍ത്തി ഒരു പാലമായി കേന്ദ്രമന്ത്രിമാരെ കാണാന്‍ പോകാറുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അതിനുകാരണം സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യമാണ്. കേരളത്തിന്റെ വിഷയം ശക്തമായി ഏറ്റെടുത്ത് കേന്ദ്രമന്ത്രിമാരെ കാണാന്‍ വരാറുണ്ടെന്ന് പറഞ്ഞതിന് അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും പിഎം ശ്രീ കരാര്‍ ഒപ്പിടുന്നതില്‍ പാലമായി നിന്നിട്ടില്ലെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്കൊപ്പം ധര്‍മേന്ദ്ര പ്രധാനെ വിവിധഘട്ടങ്ങളില്‍ കണ്ടിരുന്നെന്നും ബ്രിട്ടാസ് പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നിലപാടാണ് പിഎം ശ്രീയെ ഉള്‍പ്പെടെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നത് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഭീമമായ തുകയാണ് കൈപ്പറ്റിയതെന്ന് മന്ത്രി തന്നെ വ്യക്തമാക്കി. രാജസ്ഥാന്‍, തെലങ്കാന, ഹിമാചല്‍ സംസ്ഥാനങ്ങള്‍ യഥേഷ്ടം പണം വാങ്ങി. കോണ്‍ഗ്രസ് ഭരിക്കുമ്ബോള്‍ രാജസ്ഥാന്‍ സര്‍ക്കാരിന് 2022- 23ല്‍ 2138 കോടി രൂപ വാങ്ങി, 23- 24ല്‍ 3202 കോടി രൂപ വാങ്ങി.കോണ്‍ഗ്രസ് നിലപാടുകള്‍ ആണ് പ്രതിപക്ഷത്തെ ദുര്‍ബലമാക്കുന്നത്. എന്നിട്ട് ആണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടത്താപ്പ് കളിക്കുന്നത്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മന്ത്രിമാരെ കാണുന്നതും നിവേദനം കൊടുക്കുന്നതും എംപിയുടെ ചുമതല ആണ്. നിബന്ധനകള്‍ പാലിക്കാതെ ഫണ്ട് അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് മന്ത്രി പറയുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമഗ്രശിക്ഷ അഭിയാന്‍ ആരംഭിച്ച്‌ 2 വര്‍ഷം കഴിഞ്ഞാണ് ചഋജ പ്രഖ്യാപിക്കുന്നത് എന്നും അതിനും ശേഷം ആണ് പിഎം ശ്രീ കൊണ്ടുവരുന്നത് എന്നും ജോണ്‍ ബ്രിട്ടാസ് എംപി. എന്നാല്‍ ഇപ്പോള്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചാല്‍ മാത്രമേ സമഗ്ര ശിക്ഷ അഭിയാന്റെ ഫണ്ട് അനുവദിക്കൂ എന്ന് ആണ് പറയുന്നത് എന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ഇക്കാരണം പറഞ്ഞു പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ഫണ്ട് തടഞ്ഞു വെക്കുന്നു. കേരളത്തിനും ഫണ്ട് നല്‍കുന്നില്ല. ഇങ്ങനെ ഫണ്ട് തടഞ്ഞു വെക്കുന്നത് രാഷ്ട്രീയ നയം കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു
Previous Post Next Post