മരണാനന്തര ചടങ്ങിനെത്തിയ യുവാക്കള്‍ മദ്യപിച്ച് ലക്കുകെട്ട് തമ്മില്‍ത്തല്ലിയതിനെ തുടർന്ന് മൂന്ന് പേർ കിണറ്റില്‍ വീണു.
ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. അമ്ബതടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട യുവാക്കളെ ആറ്റിങ്ങല്‍ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.
ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിന് പിൻവശത്തുള്ള വീട്ടിലെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു യുവാക്കള്‍. ഇതില്‍ അഞ്ചുപേരടങ്ങിയ സംഘം സമീപത്തെ പുരയിടത്തിലുള്ള കിണറ്റിൻ കരയിലിരുന്ന് മദ്യപിക്കുകയായിരുന്നു. സംസാരം പിന്നീട് വാഗ്വാദത്തിലേക്കും തുടർന്ന് കയ്യാങ്കളിയിലേക്കും നീങ്ങി. ഇതിനിടെയാണ് അനൂപ്, സനു, ശ്യാം എന്നിവർ കിണറ്റിലേക്ക് വീണത്.
ആദ്യം കിണറ്റില്‍ വീണ അനൂപിനെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മറ്റ് രണ്ട് സുഹൃത്തുക്കളും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഏകദേശം 50 അടി താഴ്ചയും ആറടിയോളം വെള്ളവുമുണ്ടായിരുന്ന കിണറ്റില്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒരാളെ കരയ്ക്കെത്തിച്ചെങ്കിലും മറ്റുള്ളവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ആറ്റിങ്ങല്‍ യൂണിറ്റില്‍ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തില്‍ റോപ്പും വലയും ഉപയോഗിച്ചാണ് കിണറ്റില്‍ കുടുങ്ങിയ രണ്ടുപേരെയും കരയ്ക്കെത്തിച്ചത്. കിണറ്റില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ യുവാക്കള്‍ക്ക് കാര്യമായ പരGക്കുകളില്ലെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.