നടക്കാവില് ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള് തമ്മില്‍ സംഘർഷം. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്.
ഹോട്ടലില്‍ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്ദനത്തില് പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്കാന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്ക്ക് തുടക്കം. വാങ്ങി നല്കാനാകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. ഇതോടെ ഹോട്ടലില് നിന്നിറങ്ങാന് ജീവനക്കാര് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില് ഏറ്റുമുട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് എത്തിയിട്ടും യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടർന്നു. ഇതിനിടയില്‍ ഒരു യുവാവ് ബോധരഹിതനായി വീണു. ഒടുവില് ബോധരഹിതനായ യുവാവിനെ ആംബുലന്സില് കയറ്റിവിട്ട ശേഷം പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലധികം നഗരത്തില്‍ ഗതാഗതം സതംഭിച്ചു. അതേസമയം യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.