ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തുകടന്നു; ദൃശ്യ വധക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു

 


കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് ഇയാൾ കടന്നുകളഞ്ഞത്.


ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തുകയും തുടർന്ന് ചുറ്റുമതിൽ ചാടി രക്ഷപ്പെടുകയുമായിരുന്നു. രണ്ട് വർഷം മുൻപും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഡിസംബർ 10നാണ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.


വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് വിനീഷ് ജയിലിലായത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

Previous Post Next Post