ശബരിമല സ്വര്‍ണ്ണക്കൊള്ള ജനവിധി നിര്‍ണയിക്കുമെന്ന് സണ്ണി ജോസഫ്; 'കൂടുതല്‍ പേര്‍ കുടുങ്ങുമോയെന്ന ഭയത്തില്‍ സിപിഎം'

ശബരിമല സ്വര്‍ണ്ണക്കൊള്ള തെരഞ്ഞെടുപ്പില്‍ ജനവിധി നിര്‍ണയിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിട്ടിക്കടുത്തെ പായം പഞ്ചായത്തിലെ താന്തോട് പതിനാലാം വാര്‍ഡിലെ കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കുളിലെ ബൂത്തില്‍ ഭാര്യാസമേതമെത്തി വോട്ടു ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യ ജനാധിപത്യ മുന്നണി വലിയ പ്രതീക്ഷയിലാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിലയിരുത്തലാകും ജനവിധി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ചെറിയൊരു നടപടി പോലുമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം അവര്‍ക്ക് സംരക്ഷണ കവചമൊരുക്കിയിരിക്കുകയാണ്.

കൂടുതല്‍ പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അവരെ പിടിക്കാന്‍ തയ്യാറായിട്ടില്ല. മുന്‍ മന്ത്രിക്കെതിരെയും ആരോപണമുയര്‍ന്നിട്ടും അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ ഇതില്‍ വലിയ പ്രതിഷേധത്തിലാണ്. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, അഴിമതി, വന്യമൃഗശല്യം ഇവയെല്ലാം തന്നെ സര്‍ക്കാരിനെതിരെയുള്ള ജനവിധിയില്‍ പ്രതിഫലിക്കും.

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ഉന്നതന്‍മാര്‍ പ്രതികളാണെന്ന് ഹൈക്കോടതി പറയുന്നു. ജയിലില്‍ കിടക്കുന്ന പത്മകുമാറിന്റെ മൊഴിയില്‍ മുന്‍ മന്ത്രിയുമുണ്ടെന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ മുന്‍ മന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. പ്രതികളാക്കേണ്ടവരെ രക്ഷിക്കേണ്ട കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാര്‍ട്ടി നടപടി സ്വീകരിക്കാന്‍ ഭയപ്പെടുന്നത് കൂടുതല്‍ നേതാക്കള്‍ പിടിക്കപ്പെടുമെന്ന് സിപിഎം ഭയക്കുന്നത് കൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Previous Post Next Post