'പ്രശാന്ത് കെട്ടിടത്തിന്റെ താഴത്തെ നില കൈയടക്കിവെച്ചിരിക്കുകയാണ്'; എംഎല്‍എയോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച്‌ ശ്രീലേഖ

വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച്‌ ആര്‍ ശ്രീലേഖ. കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവന്‍ എംഎല്‍എ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗണ്‍സിലര്‍ക്ക് ഓഫീസ് ഉണ്ടെന്നുമാണ് കോര്‍പറേഷന്റെ വാദം.

ഈ ഓഫീസ് എവിടെയെന്ന് അധികൃതര്‍ കാണിച്ചു തരട്ടെ. തന്റെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ല. തന്റെ വാര്‍ഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും ശ്രീലേഖ വിശദീകരിച്ചു.

ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിനോട് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ശ്രീലേഖയുടെ വാര്‍ഡ് ആയ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.

കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് ഇവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച്‌ വരെ ഇതിന്റെ കാലാവധി ബാക്കിയുണ്ട്. കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും.
Previous Post Next Post