'ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ്, പൊലീസുകാർ ഫോട്ടോഷോപ്പ് ചെയ്ത് തുടങ്ങിയാൽ രാജ്യം എവിടെ ചെന്ന് നിൽക്കും'

കൊച്ചി: നടി ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനൊപ്പം ഒന്നാം പ്രതിയായ പൾസർ സുനി നിൽക്കുന്ന ചിത്രം പൊലീസ് ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് രാഹുൽ ഈശ്വർ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ പരാതിയിൽ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്.


''ദിലീപിന്റെ കാര്യത്തിൽ ആദ്യം മുതൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയായി വന്നില്ലേ. നമ്മുടെ സമൂഹത്തിന് തെറ്റിപ്പോയി എന്നൊരു തിരിച്ചറിവ് വേണം. ആ വീട്ടിലും പുള്ളിക്ക് ഒരു ഭാര്യയും അമ്മയും രണ്ട് പെൺമക്കളുണ്ട്. ഇപ്പഴും ചില ചാനലുകൾ പുള്ളി കുറ്റവാളിയാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?. കോടതി എടുത്ത് എടുത്ത് പറയുന്നത് നമ്മൾ കണ്ടതല്ലേ. 1500 പേജ് വായിച്ചില്ല. ചാറ്റ് ജിപിടിയിൽ ഇട്ട് സമ്മറൈസ് ചെയ്താണ് വായിച്ചത്. പൾസർ സുനിയും ദിലീപും ഒരുമിച്ച് നിൽക്കുന്ന ഒരു ഫോട്ടോ ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറഞ്ഞല്ലേ പൊലീസ് കൊണ്ടുവന്നത്. എവിടെ ആ ഫോട്ടോ. ആ ഫോട്ടോ ഫോട്ടോഷോപ്പായിരുന്നു. പൊലീസുകാർ ഫോട്ടോഷോപ്പ് ചെയ്ത് തുടങ്ങിയാൽ രാജ്യം എവിടെ ചെന്ന് നിൽക്കും. ദിലീപ് ഫാൻസ് അസോസിയേഷന്റെ റിയാസ് ഫെയ്‌സ്ബുക്കിൽ ഇട്ടതാണ് ഒറിജിനൽ ഫോട്ടോ. റിയാസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസ് കൊടുത്തത്. ഇത് ക്രിമിനൽ ആക്ടിവിറ്റി അല്ലേ. ഒരു സിറ്റിങ്ങ് വനിതാ ജഡ്ജിക്കെതിരെ ഇത്രയധികം അധിക്ഷേപം വന്നു. ഏതെങ്കിലും ഒരു കേസെടുത്തോ. എന്താ അങ്ങനെ. ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ട്. വനിതാ ജഡ്ജിക്കെതിരെ അധിക്ഷേപമുണ്ടായതിൽ പരാതി നൽകിയിട്ടും കണ്ണിൽ പൊടിയിടാനെങ്കിലും കേസ് എടുത്തോ.'', രാഹുൽ ഈശ്വർ പറഞ്ഞു.


''നിയമ സംവിധാനത്തിൽ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ എനിക്കെതിരെയുള്ള കേസിൽ കുറ്റവിമുക്തനാക്കുമെന്ന് പൂർണ വിശ്വാസമുണ്ട്. എനിക്ക് നോട്ടീസ് തന്നിട്ടാണോ അറസ്റ്റ് ചെയ്തത് എന്ന് നിങ്ങൾ ഒന്ന് അന്വേഷിക്കണം. കോടതികളിൽ അങ്ങനെ കള്ളം എഴുതി കൊടുത്താൽ എന്ത് ചെയ്യാനാ. സത്യവിരുദ്ധവും വാസ്തവിരുദ്ധവുമായ കാര്യങ്ങൾ സ്‌റ്റേറ്റ് പറഞ്ഞാൽ എന്ത് ചെയ്യാനാണ്. പ്രൊസീജിയറിൽ കള്ളം പറഞ്ഞാൽ എന്ത് ചെയ്യാനാണ്. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഇനിയും വീണ്ടും ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കോടതിയിൽ വന്നപ്പോൾ അതിജീവിതയെ വീണ്ടും അധിക്ഷേപിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞുവെന്നാണ് വാദിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ ബലാത്സംഗ കേസിൽ ഞാൻ പറഞ്ഞതല്ലേ കോടതി പറഞ്ഞത്. ഒരു കേസ് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞാൽ അതിനർഥം പരാതി വ്യാജമാണന്നല്ലേ. അത് തന്നെയല്ലേ ഞാൻ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിനോട് എനിക്ക് ഒരു വ്യക്തി ബന്ധവും ഇല്ല. എനിക്ക് നേരെ സത്യമല്ലാത്ത പരാതികൾ വന്നു. അത് പറയാൻ പോലും അവകാശം ഇല്ല എനിക്ക്. എനിക്ക് എതിരെ സത്യവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ട് അത് സത്യവിരുദ്ധമാണെന്ന് പോലും പറയാൻ പറ്റില്ല. 14 ദിവസം എന്തൊരു അനീതിയാണ് ചെയ്തത്.''


''ശബരിമലയിലെ വിധിന്യായത്തിൽ ആദ്യം ജയിലിൽ കിടന്നതും പട്ടിണി കിടന്നതും ഞാനാണ്. സത്യം വളരെ സിംപിളാണ്. കള്ളങ്ങളാണ് കോംപ്ലക്‌സ്. നമ്മുടെ സ്‌റ്റേറ്റും സിസ്റ്റവും ധാരാളം അസത്യവും വാസ്തവും അല്ലാത്ത കാര്യങ്ങൾ പറയുന്നു. സത്യങ്ങൾ പറയുന്നതിന് മടിച്ചാൽ രാജ്യം നിലനിൽക്കില്ല. ഓവർനൈറ്റിൽ നമ്മളൊക്കെ ക്രിമിനൽ ആകുന്ന അവസ്ഥയാണ്. ശശി തരൂർ ക്രിമിനലൈസേഷൻ ഓഫ് മാരിറ്റൽ ബിൽ അവതരിപ്പിച്ചിട്ടുണ്ട്. പുരുഷ കമ്മീഷൻ ഏറ്റവും സീരിയസായി എതിർക്കാൻ പോകുന്ന വിഷയം ആണിത്. ഇന്ന് 498 (എ) ദുരുപയോഗം ചെയ്യുന്നതുപോലെ ഇതും ദുരുപയോഗം ചെയ്യും. 83 ശതമാനത്തോളം 18 മുതൽ 43 വരെയുള്ള സ്ത്രീകൾക്ക് ഭർത്താക്കൻമാരിൽ നിന്നും സെക്ഷ്വൽ വയലൻസ് ഉണ്ടായി എന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേ പറയുന്നത്. അത് സീരിയസായ പ്രശ്‌നമാണ്. അതാണ് കെട്യോളാണ് എന്റെ മാലാഖ പോലുള്ള സിനിമ പറയുന്നത്. ഇതിന്റെ പ്രതിവിധി ക്രിസ്തീയ സഭകളൊക്കെ ചെയ്യുന്നതുപോലെ മാരിറ്റൽ എജ്യൂക്കേഷനാണ്. ഇതിനെ ക്രിമിനൈൽസ് ചെയ്യുമ്പോഴാണ് പ്രശ്‌നം'', രാഹുൽ ഈശ്വർ പറഞ്ഞു.

Previous Post Next Post