കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ. ആക്രമിക്കപ്പെട്ട നടിയ്ക്ക് പൂർണ നീതി ലഭിച്ചില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഒരു ഭാഗം തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള വിധിയിലേക്ക് എത്തിയിട്ടില്ല. വിധിയെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും, അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചെന്നും മന്ത്രി രാജീവ് അറിയിച്ചു.
അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും എപ്പോഴും സ്വീകരിച്ചത്. പൊലീസ് വളരെ ശക്തമായ അന്വേഷണമാണ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പൂർണമായ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയത്. അവർ ശരിയായ രൂപത്തിൽ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. വിചാരണയ്ക്കിടെ ചില പ്രശ്‌നങ്ങൾ വന്നപ്പോൾ ഹൈക്കോടതിയെ അടക്കം സമീപിക്കുന്നതിൽ സർക്കാർ ഒട്ടും മടി കാണിച്ചിട്ടില്ലെന്ന് മന്ത്രി രാജീവ് പറഞ്ഞു.
പ്രതികൾക്കെതിരെ ശക്തമായ നിലപാടാണ് കിട്ടാവുന്ന ഏറ്റവും മികച്ച അഭിഭാഷകരെ ഉപയോഗിച്ച് സർക്കാർ നടത്തിയത്. ഹൈക്കോടതിയിൽ ഡിജിപി തുടർച്ചയായി ഹാജരായിരുന്നു. സുപ്രീംകോടതിയിലും മികച്ച അഭിഭാഷകരെയാണ് നിയോഗിച്ചത്. എന്നാൽ വ്യത്യസ്തമായ വിധിയാണ് ഇപ്പോൾ വന്നിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടു. എന്നാൽ ഗൂഢാലോചനയിൽ അഞ്ചു വോള്യങ്ങളായി ആർഗ്യുമെന്റ് നോട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനു അനുസൃതമായ വിധിയല്ല വന്നിട്ടുള്ളത്.
പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. സർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ് നിന്നിട്ടുള്ളത്. പൂർണമായി നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ കാണുന്നത്. എൽഡിഎഫ് സർക്കാർ അല്ലെങ്കിൽ ദിലീപ് അറസ്റ്റിലാകുമായിരുന്നോയെന്ന് പി രാജീവ് ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിൽ പങ്കെടുത്ത ആദ്യ ആറു പ്രതികൾ കുറ്റക്കാരാണെന്നാണ് വിചാരണക്കോടതി വിധിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു.
