കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടന്നത് കള്ളക്കേസ് എന്ന് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള. കേസിൽ ദിലീപിനെ വേട്ടയാടുകയായിരുന്നു. ദിലീപിനെ കുടുക്കുന്നതിൽ അന്നത്തെ സീനിയർ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ബി രാമൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു. വിധിയുടെ പൂർണരൂപം ലഭിച്ച ശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കിൽ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും രാമൻ പിള്ള പറഞ്ഞു.
'ദിലീപിനെതിരെ നടന്നത് കള്ളക്കേസ് ആണെന്ന് മനസിലാക്കിയത് കൊണ്ടാണ് കേസിൽ നിന്ന് മാറാതിരുന്നത്. ഇത്രയും കാലം നീണ്ടക്കേസ് തന്റെ 50 വർഷത്തെ കരിയറിന് ഇടയിൽ ഉണ്ടായിട്ടില്ല. എന്റെ കാലിന്റെ ഓപ്പറേഷൻ വരെ മാറ്റിയത് ഇത് കൊണ്ടാണ്. ബാലചന്ദ്രകുമാർ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. പിടി തോമസ് എന്തു മൊഴി പറയാനാണ്. പിടി തോമസിന് ഒന്നും അറിയില്ലല്ലോ. ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് കഥ ഉണ്ടാക്കിയത്. അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുകാരി രമ്യ നമ്പീശൻ അടക്കമുള്ളവരുടെ പൊലീസ് രേഖപ്പെടുത്തിയ മൊഴി കോടതിയിലുണ്ട്. അമ്മയെ വിസ്തരിച്ചില്ല. രമ്യ നമ്പീശനെ വിസ്തരിച്ചു. ആ മൊഴികളിലെല്ലാം അതിജീവിതയ്ക്ക് സിനിമയിലും അല്ലാതെയും ഒരു ശത്രുവും ഇല്ലെന്നാണ് പറയുന്നത്. പിന്നെ എങ്ങനെ ദിലീപ് ശത്രുവാകും. പൊലീസ് രേഖപ്പെടുത്തിയ മൊഴിയൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പൊലീസ് മൊഴി രേഖപ്പെടുത്തും. മൊഴി മാറിയ പ്രോസിക്യൂഷൻ സാക്ഷിയൊക്കെ ഉണ്ട്.' - രാമൻ പിള്ള കൂട്ടിച്ചേർത്തു.
