രണ്ടാമതായി ലഭിച്ച ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടയാതെ കോടതി.
തിരുവനന്തപുരം സെഷൻസ് കോടതിയില്‍ രാഹുല്‍ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി വിശദമായ വാദം കേള്‍ക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് ഹർജി പരിഗണിച്ചത്. രാഹുലിനെതിരായി ഉയർന്ന ആദ്യ പീഡനക്കേസില്‍ ഹൈക്കോടതി ഈ മാസം 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസില്‍ മുൻകൂർ ജാമ്യഹർജി നല്‍കിയത്. ആദ്യകേസില്‍ ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച വിധിയുടെ പകർപ്പും ചേർത്താണ് ഹർജി നല്‍കിയത്.
ആദ്യകേസില്‍ പ്രാഥമിക വാദം നടക്കുന്നതിനിടെയാണ് രണ്ടാം കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഈമെയിലിലൂടെ വന്ന പരാതി പൊലീസിന് കൈമാറുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും പരാതിക്കാരിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.