തലമുറകൾക്ക് സന്ദേശം നൽകിയ ശ്രീനിവാസന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

സിനിമയിലൂടെ ചിരിപ്പിച്ച്‌ ചിന്തിപ്പിച്ച മലയാളികളുടെ സ്വന്തം ശ്രീനി ഇനി ഓര്‍മത്തിയില്‍. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

ഡയാലിസിസിനായി കൊണ്ടുപോകുമ്ബോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 ന് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

കഴിഞ്ഞ 13 വര്‍ഷമായി താന്‍ ജീവിക്കുകയും സ്‌നേഹിക്കുകയും പണിയെടുക്കുകയും ചെയ്ത വീട്ടുവളപ്പിലാണ് അന്ത്യവിശ്രമം. 2012ലാണു കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകള്‍ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസന്‍ വാങ്ങുന്നത്. തരിശുപാടങ്ങളെ കൃഷിനിലങ്ങളാക്കി.

കണ്ണൂര്‍ പാട്യം സ്വദേശിയായ ശ്രീനിവാസന്‍ പിഎ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 1984 ല്‍ പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുത്തിന്റെ തുടക്കം. 48 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 54 സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ശ്രീനിവാസന്‍ 2 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 54 ല്‍ 32 സിനിമകള്‍ സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനും വേണ്ടിയായിരുന്നു.

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.1989 ല്‍ വടക്കുനോക്കിയന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മഴയെത്തും മുന്‍പേ, സന്ദേശം എന്നീ സിനിമകള്‍ക്ക് തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍. മരുമക്കള്‍: ദിവ്യ, അര്‍പ്പിത.
Previous Post Next Post