ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ സി.പി.എം നേതാവ് എം. സ്വരാജിനെതിരെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിപ്പോര്‍ട്ട് തേടി.
പ്രസംഗം വിശ്വാസികളെ അവഹേളിക്കുന്നതാണെന്ന പരാതിയെത്തുടര്‍ന്നാണ് കോടതി നടപടി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ആണ് സ്വരാജിനെതിരെ കോടതിയെ സമീപിച്ചത്. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തില്‍ പ്രളയമായി ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്‌മചര്യം അവസാനിച്ചുവെന്നും സ്വരാജ് പ്രസംഗിച്ചതായി പരാതിയില്‍ പറയുന്നു. ഇത് വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് വിഷ്ണു സുനില്‍ ആരോപിക്കുന്നു.
2018-ല്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. ആദ്യം കൊല്ലം വെസ്റ്റ് പോലീസിലും പിന്നീട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പോലീസില്‍ നിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി നേരിട്ട് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.