മലപ്പുറത്ത് എസ്എൻഡിപി യോഗം മാനേജ്മെന്റിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന പ്രസ്‌താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശൻ.
ചോദ്യം ചോദിച്ച റിപ്പോർട്ടറുടെ മൈക്ക് അദ്ദേഹം തട്ടിമാറ്റി.
മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ എസ്എൻഡിപിക്ക് സ്കൂൾ ഇല്ലാ എന്ന് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് അതെന്താ സ്ഥലം കിട്ടുന്നില്ലേ എന്ന് മാധ്യമപ്രവർത്തകർ തിരിച്ചു ചോദിച്ചു. അതെല്ലാം ഉണ്ട്, അനുവാദം കിട്ടണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
ആരുടെ അനുവാദം എന്ന് ചോദിച്ചപ്പോൾ സർക്കാരിൻ്റെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോൾ പിണറായി വിജയൻ സർക്കാരല്ലേ എന്ന് ചോദിച്ചപ്പോൾ,ഇപ്പോഴത്തേത് അല്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
ഇക്കഴിഞ്ഞ ഒൻപതുവർഷം ശ്രമിച്ചുനോക്കിയില്ലേ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചതോടെ- അന്ന് ഞങ്ങൾ.. എന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം കുറേനാളായി നിങ്ങൾ തുടങ്ങിയിട്ട് എന്നു പറഞ്ഞ് ചോദ്യം ചോദിച്ച മാധ്യമസ്ഥാപനത്തിൻ്റെ മൈക്ക് തട്ടിമാറ്റുകയായിരുന്നു.
കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനിയും അത് പറയാൻ തയ്യാറാണ്. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് വെള്ളാപ്പള്ളി പറഞ്ഞു.
സിപിഐക്കെതിരെ വെള്ളാപ്പള്ളി അതിരൂക്ഷ വിമർശനം ഉന്നയിച്ചു. ചതിയൻ ചന്തുമാരാണ് സിപിഐ. പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്. പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.