വയനാട് തുരങ്കപാത നിർമ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹർജി ഹൈക്കോടതി തള്ളി


കൊച്ചി: വയനാട് തുരങ്കപാത നിർമ്മാണം തുടരാമെന്ന് ഹൈക്കോടതി. നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി ഹൈക്കോടതി തള്ളി.


വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിർമ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് നിർമ്മാണം തടയണമെന്നാണ് ഹർജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ച് വാദം പൂർത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിർമ്മാണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.


നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും എല്ലാ പാരിസ്ഥിതിക അനുമതിയും പൂർത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിർമ്മാണം ആരംഭിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ നിർമ്മാണ പ്രവൃത്തികൾ സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഹർജിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. കൊങ്കൺ റെയിൽവേ കോർപ്പറേഷനെയാണ് ഇതിന്റെ നിർമ്മാണം ഏൽപ്പിച്ചിരിക്കുന്നത്. കൊങ്കൺ പാതയൊക്കേ നിർമ്മിച്ച് കൊങ്കൺ റെയിൽവേ കോർപ്പറേഷന് മുൻപരിചയം ഉണ്ട് എന്നതടക്കമുള്ള വിഷയങ്ങൾ കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.

Previous Post Next Post