പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകർക്ക് നേര കയ്യേറ്റശ്രമം. പാലക്കാട് കോൺഗ്രസ് കൺവെൻഷൻ നടക്കുന്ന സ്ഥലത്തുവച്ച് രമേശ് ചെന്നിത്തലയുടെ പ്രതികരണമാരാഞ്ഞപ്പോഴാണ് സംഭവം. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ചെന്നിത്തല പ്രതികരണം പൂർത്തിയാക്കാതെ മടങ്ങി. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ മാധ്യപ്രവർത്തകരെ കൂക്കിവിളിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തല പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് ഒരുകൂട്ടം പ്രവർത്തകർ ബഹളം വച്ചത്. എന്തുകൊണ്ടാണ് മാധ്യമങ്ങൾ രാഹുൽ വിഷയം മാത്രം ചോദിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഒരുകൂട്ടം പ്രവർത്തകർ ക്ഷുഭിതരായത്. സ്വർണക്കൊള്ളയെ കുറിച്ച് ചോദിക്കൂ എന്ന് പ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ ചെന്നിത്തല സംയമനം പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ അത് കേൾക്കാൻ തയ്യാറായില്ല. ഇതോടെ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. ഒടുവിൽ പ്രാദേശിക നേതാക്കൾ തന്നെ ക്ഷുഭിതരായ പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു.
