കിഫ്ബി മസാല ബോണ്ടിൽ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തൽ; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ ഇഡി നടപടി. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻ ധനമന്ത്രി തോമസ് ഐസ്‌ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കുമാണ് നോട്ടീസ്. മൂന്ന് വർഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുൻപാകെ നോട്ടീസ് സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്.


2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തോമസ് ഐസകിന് രണ്ടുതവണ ഇഡി സമൻസ് അയച്ചിരുന്നു.


കിഫ്ബി ഹാജരാക്കിയ രേഖകൾ അടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തൽ. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകർ വഴിയോ നോട്ടീസ് നൽകാം.ഇരുപക്ഷവും കേട്ടശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.

Previous Post Next Post