തിരുവനന്തപുരം: അവസാന നിമിഷ ട്വിസ്റ്റിൽ പ്രതീക്ഷിച്ച തിരുവനന്തപുരം മേയർ പദവി കൈവിടേണ്ടി വന്ന ആർ ശ്രീലേഖ കടുത്ത അതൃപ്തിയിൽ. നേതാക്കൾ ഇടപെട് അനുനയത്തിനുള്ള ശ്രമങ്ങൾ തുടരുമ്പോഴും അതൃപ്തി പ്രകടമാക്കുന്ന പെരുമാറ്റമായിരുന്നു ഇന്നലെ നടന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് വേളയിൽ ഉൾപ്പെടെ ശ്രീലേഖ സ്വീകരിച്ചത്.
വി വി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കൗൺസിൽ ഹാൾ വിട്ട് ശ്രീലേഖ പുറത്തേക്കുപോയിരുന്നു. അടുത്ത വീട്ടിൽ പാലു കാച്ചൽ ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ചായിരുന്നു മടക്കം. ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പിന്നീട് മടങ്ങിയെത്തിയത്. പുതിയ ഭരണ സമിതിക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പ്രതികരണം പോലും ശ്രീലേഖ പങ്കുവച്ചിട്ടില്ല.
സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇന്നലെ വൈകീട്ട് മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്വീകരണത്തിനു ശേഷമായിരുന്നു ഇരുവരും ആർ ശ്രീലേഖയുടെ വീട്ടിലെത്തിയത്. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനം എന്നായിരുന്നു ഇതിന് വിവി രാജേഷ് നൽകിയ വിശദീകരണം.
അതേസമയം, ആർ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പാർട്ടിയുടെ ഭാരവാഹിസ്ഥാനത്തിന് ഒപ്പം സുപ്രധാനമായ ചുമതല തന്നെ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഭരണത്തിലെത്തിയാൽ മേയർ പദവി ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് ശാസ്തമംഗലത്ത് ആർ ശ്രീലേഖയെ സംസ്ഥാന ഭാരവാഹികളിൽ ചിലർ മത്സരത്തിന് ഇറക്കിയത് എന്നാണ് വിവരം. മേയർസ്ഥാനം ശ്രീലേഖയ്ക്ക് നൽകണമെന്ന് ഒരു വിഭാഗം സംസ്ഥാന നേതാക്കളും നിലപാട് എടുത്തിരുന്നു. എന്നാൽ മുതിർന്ന നേതാക്കളും ആർഎസ്എസും ഇടപെട്ടാണ് വി വി രാജേഷിന് മേയർ സ്ഥാനം ഉറപ്പിച്ചത്.
