ലഖ്നൗ: വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്താവുന്നത് 2.89 കോടി പേരുകളെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 15.44 കോടി വോട്ടർമാരിൽ നിന്നാണ് ഏകദേശം 19 ശതമാനം പേരുകൾ ആണ് കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുക. എസ്ഐആർ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവരുന്നത്.
വോട്ടർപട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്ന 2.89 കോടി വോട്ടർമാരിൽ 1.26 കോടി പേർ സംസ്ഥാനത്ത് നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറിയവരാണ്. 46 ലക്ഷം പേർ മരിച്ചു, 23.70 ലക്ഷം പേർ ഇരട്ട വോട്ടർമാരുമാണ്. 83.73 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ 9.57 ലക്ഷം പേർ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
എസ്ഐആർ നടപടികൾ ക്രമങ്ങൾക്ക് ശേഷമുള്ള കരട് വോട്ടർ പട്ടിക ഡിസംബർ 31 ന് പുറത്തിറക്കുമെന്ന് യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ അറിയിച്ചു. കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും പരാതികളും ഡിസംബർ 31 മുതൽ 2026 ജനുവരി 30 വരെ സ്വീകരിക്കും. 2026 ഫെബ്രുവരി 28 ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കും. 2003 ലെ വോട്ടർ പട്ടിക നിലവിലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യുന്ന ജോലിയും പൂർത്തിയായതായി തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
2003 ലെ വോട്ടർ പട്ടികയിലെ ഏകദേശം 91 ശതമാനം ആളുകളും പുതിയ വോട്ടർപട്ടികയിലും ഉണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇത്തരം വോട്ടർമാരുടെ പേരുകൾ അവരുടെ സ്വന്തം പേരുകൾ, മാതാപിതാക്കൾ, പ്രപിതാമഹന്മാർ എന്നിവരുടേയുമായി പൊരുത്തപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 1.11 കോടി ആളുകളിൽ ഒമ്പത് ശതമാനം പേർക്ക് മാത്രമാണ് വോട്ടർമാരാണെന്നതിന്റെ തെളിവായി അവർ കമ്മീഷന് രേഖകൾ നൽകേണ്ടിവരിക. ഇവർക്ക് നോട്ടീസ് അയക്കുമെന്നും കമ്മീഷൻ അറിയിച്ചു.
