ആലപ്പുഴ കേന്ദ്രീകരിച്ച്‌ വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പില്‍ നാല് പേർ അറസ്റ്റില്‍. ഒരു കുടുംബത്തിലെ നാലു പേരാണ് അറസ്റ്റിലായത്.


ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പിടിയില്‍, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം.

നടന്നത് 10 കോടിയുടെ തട്ടിപ്പെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഭീഷണി ഭയന്ന് പലരും പരാതി നല്‍കുന്നില്ലെന്നാണ് കണ്ടെത്തല്‍.

കോടികള്‍ വിലയുള്ള ഇറിഡിയം ലോഹക്കച്ചവടത്തില്‍ പണം മുടക്കിയാല്‍ ഇരട്ടിതുക നല്‍കാമെന്ന്, വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയില്‍ നിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നാല് പേ‌‍രെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകള്‍ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇറിഡിയം കയ്യില്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പ്രതികള്‍ 2024 ഓഗസ്റ്റ് മുതല്‍ പരാതിക്കാരന്‍റെ പക്കല്‍ നിന്ന് പലതവണയായി പണം വാങ്ങി.

കൂടുതല്‍ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് നിർണായകമായ പല വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നില്‍. 10 കോടി രൂപ നല്‍കിയാല്‍ ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശികളായ സംഘം തങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഇവർക്ക് നല്‍കാൻ 10 കോടിയോളം രൂപ പ്രതികള്‍ പലരില്‍ നിന്നായി സമാഹരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരും ഇതുവരെ പരാതിയുമായി രംഗത്ത് എത്തിയിട്ടില്ല.

Previous Post Next Post