സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം കൂടും; സര്‍ക്കാര്‍ വിജ്ഞാപനം ഒരു മാസത്തിനകം.


സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേതനം വര്‍ധിപ്പിക്കും. ഒരുമാസത്തിനുള്ളില്‍ വേതനം പരിഷ്‌കരിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും.

ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനംവരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ. ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധസമിതി യോഗത്തില്‍ വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനംചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു.

തൊഴില്‍വകുപ്പ് തയ്യാറാക്കിയ പുതിയ വേതനശുപാര്‍ശ തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചു. പക്ഷേ, മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികൂലനിലപാടെടുത്തു. എന്നാല്‍ വേതന പരിഷ്‌ക്കരണവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. 2013ലാണ് ഏറ്റവുമൊടുവില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കുടുംബമായി ജീവിക്കാന്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍വകുപ്പിന്റെ വിലയിരുത്തല്‍. വേതനപരിഷ്‌കാരത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ച്‌ തെളിവെടുപ്പ് നടത്തി.

ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post