'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസില്‍ കടുത്ത നടപടികള്‍ ഉടനില്ല; പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും

വിവാദമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല.

പ്രതി ചേർത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നല്‍കുന്ന സൈറ്റുകളില്‍ നിന്നും പാട്ട് നീക്കം ചെയ്യും. കേസ് എടുത്തതില്‍ പൊലീസിനുള്ളില്‍ രണ്ട് അഭിപ്രായമാണ് ഉള്ളത്. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റില്‍ വിഷയം ചർച്ചയാകും.

ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്. തിരുവാഭരണപാതാ സംരക്ഷണ സമിതി ജന.സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കേസ്. നിയമോപദേശം തേടിയെടുത്ത കേസില്‍ പ്രതിപ്പട്ടികയില്‍ നാല് പേരുകരാണ് ഉള്ളത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള,പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവർ. മതസ്പർധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ഉള്ള വകുപ്പുകള്‍ ചേർത്തതാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും എഫ്‌ആറിലില്‍ പറയുന്നുണ്ട്. സൈബർ പൊലീസ് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. പാട്ട് പെരുമാറ്റച്ചട്ടലംഘനമെന്ന് ആരോപിച്ച്‌ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.

തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തിറങ്ങിയ പാട്ട്, ഫലം വന്ന ശേഷം യുഡിഎഫ് നേതാക്കള്‍ ഏറ്റുപാടിയതോടെയാണ് വൈറലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സിപിഎമ്മും പാട്ടിനെതിരെ പരാതി നല്‍കാൻ തീരുമാനിച്ചു. ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാൻ പാട്ടിലൂടെ ശ്രമം നടന്നെന്നും ചട്ടലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടും. തിരുവാഭരണ പാതാ സംരക്ഷണ സമിതി ജന.സെക്രട്ടറിയുടെ പരാതിയെ പാർട്ടി പിന്തുണച്ചിരുന്നു. പിന്നാലെ സമിതി ചെയർമാനായ ഹിന്ദു ഐക്യ വേദി ജില്ലാ അധ്യക്ഷൻ പരാതിയെ തള്ളി രംഗത്തെത്തി. അതേസമയം, സിപിഎം വികാരത്തെ കളിയാക്കുകയാണ് കോണ്‍ഗ്രസ്. പാരഡിയില്‍ പൊള്ളുന്നതെന്തിനെന്ന് ചോദ്യം.
Previous Post Next Post