തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും.

വൈകീട്ട് ആറു മണിക്കാണ് കലാശക്കൊട്ട്. അനൗണ്‍സ്‌മെന്റുകളും ജാഥകളും പ്രകടനങ്ങളും ഇന്നു വൈകീട്ടോടെ അവസാനിക്കും. തുടര്‍ന്നുള്ള ഒരു ദിനം നിശബ്ദ പ്രചാരണമായിരിക്കും നടക്കുക. ബഹളങ്ങളില്ലാത്ത വോട്ടു തേടലിന്റെ ഒരു ദിനം പിന്നിട്ട് ചൊവ്വാഴ്ച ജനങ്ങള്‍ സമ്മതിദാനം രേഖപ്പെടുത്തിനായി പോളിങ് ബൂത്തിലെത്തും.

ഏഴു ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉള്‍പ്പെടെ 111 തദ്ദേശ സ്ഥാപനങ്ങളിലെ 2220 വാര്‍ഡുകളിലേക്കാണ് മത്സരം നടക്കുന്നത്. 7374 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒരുമാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. ആകെ 26,67,746 വോട്ടര്‍മാരാണ് ചൊവ്വാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുക.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമെല്ലാം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. അവസാന വട്ടം വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍. കലാശക്കൊട്ട് കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കലാശക്കൊട്ടില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ 48 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Previous Post Next Post