ഗോവയിലെ പ്രമുഖ ക്ലബ്ബില്‍ അഗ്നിബാധ, 23 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ വിനോദ സഞ്ചാരികളും; മരിച്ചവരില്‍ കൂടുതല്‍ റെസ്‌റ്റോറന്റിലെ ജീവനക്കാര്‍; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് വിലയിരുത്തല്‍; രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ദുരന്തത്തില്‍ എങ്ങും ഞെട്ടല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഗോവ മുഖ്യമന്ത്രി.


ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളെന്നും റിപ്പോര്‍ട്ടുകള്‍. 23 പേരാണ് ദുരന്തത്തില്‍ ദാരുണമായി മരിച്ചത്.

മരിച്ചവരില്‍ മൂന്ന് സ്ത്രീകളും 20 പുരുഷന്മാരും ഉള്‍പ്പെടുന്നു. ഗോവയിലെ അര്‍പോറയിലെ നിശാക്ലബ്ബില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ വിനോദസഞ്ചാരികളും റെസ്റ്റോറന്റിലെ ജീവനക്കാരും ഉള്‍പ്പെടുന്നു. ശ്വാസംമുട്ടിയാണ് മിക്കവരും മരിച്ചത്. സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ അഗ്നിബാധ രാജ്യത്തെ മൊത്തത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.

ബാഗയിലെ ബിര്‍ച്ച്‌ ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം ഗോവ പോലീസ് മേധാവി അലോക് കുമാര്‍ സ്ഥിരീകരിച്ചു. ഇതുവരെ 23 പേര്‍ മരിച്ചതായി ഗോവ പോലീസ് മേധാവി പറഞ്ഞു.

പോലീസും അഗ്‌നിശമന സേനയും ആംബുലന്‍സുകളും ഉടന്‍ സ്ഥലത്തെത്തി. തീ ഇപ്പോള്‍ നിയന്ത്രണത്തിലാണ്. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. ആകെ 23 പേര്‍ മരിച്ചു. സംഭവത്തിന്റെ കാരണം പോലീസ് അന്വേഷിക്കും. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ഡിജിപി അലോക് കുമാര്‍ പറഞ്ഞു. അര്‍ധരാത്രിക്ക് തൊട്ടുപിന്നാലെയാണ് പോലീസിന് വിവരം ലഭിച്ചത്. രാത്രി 12.04നാണ് പോലീസിന് തീപിടിത്തവുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചതെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു.


Previous Post Next Post