കോട്ടയം നഗരസഭയുടെ 41-ാംമത് അദ്ധ്യക്ഷനായി യുഡിഎഫി ലെ എം.പി സന്തോഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് രാവിലെ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിലാണ് സന്തോഷ് 32 കൗൺസിലർമാരുടെ പിന്തുണയിൽ ചെയർമാനായി വിജയിച്ചത്.
എൽ.ഡിഎഫിൽ നിന്നും സിഎൻ സത്യനേശനും, എൻ ഡി എ സ്ഥാനാർത്ഥിയായി ടി.എൻ ഹരികുമാറുമാണ് ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചത്.
കാഞ്ഞിരം വാർഡിൽ നിന്നും മത്സരിച്ച യുഡിഎഫിലെ സനിൽ കാണക്കാലിൽ ആശുപത്രിയിൽ നിന്നെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോയി.
കോട്ടയം നഗരസഭ ഇല്ലിക്കൽ 39-ാം വാർഡിൽ നിന്നും 509 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സന്തോഷ് കുമാർ ഇത് ആറാം തവണയാണ് കൗൺസിലറാകുന്നത്.
2012- ഡിസംബർ 5 മുതൽ രണ്ട് വർഷം നഗരസഭയുടെ ചെയർമാനുമായിരുന്നു സന്തോഷ്.
ചെയർമാൻ സ്ഥാനം പങ്ക് വയ്ക്കുവാനും യു ഡി എഫിൽ ധാരണയുണ്ട്. ആദ്യ 3 വർഷം എം.പി സന്തോഷ് കുമാറും, തുടർന്നുളള ഓരോ വർഷവും ടി.സി റോയി, ടോം കോര അഞ്ചേരിയിൽ എന്നിവരും ചെയർമാനാകും.
വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. കോൺഗ്രസിലെ ഷീബ പുന്നൻ , അനുഷ കൃഷ്ണൻ, സാലി മാത്യു എന്നിവർ വൈസ് ചെയർമാൻ പദവി പങ്കിടും.
യുഡിഎഫ് - 32
എൽഡിഎഫ് - 15
എൻഡിഎ - 6 എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില.
ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി യു ഡി എഫിലെ ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.
16 വോട്ടുകളുമായാണ് ജോമി ജോസഫ് ചെയർമാൻ സ്ഥാനത്ത് എത്തിയത്.
എൽ.ഡി.എഫിലെപി.എ നസീർ 9 വേട്ടുകളും, ബി.ജി.പി.യിലെ എൻ.പി.കൃഷ്ണകുമാറിന് 8 വോട്ടുകളുമാണ് ലഭിച്ചത്.
4 സ്വതന്ത്രർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.സ്വതന്ത്ര അംഗങ്ങളായി മത്സരിച്ച് വിജയിച്ച കുഞ്ഞുമോൻ പുളിമൂട്ടിൽ,
സന്ധ്യ മനോജ്,ശക്തി റെജി കേളമാട്ട് എന്നിവരുടെ പിന്തുണയോടെയാണ് യു ഡി എഫ് അധികാരത്തിലെത്തിയത്.
വൈക്കം നഗരസഭ ചെയർമാനായി കോൺഗ്രസിലെ അബ്ദുൾ സലാംറാവുത്തർ തെരഞ്ഞെടുക്കപ്പെട്ടു.
27 അംഗ കൗൺസിലിൽ ബിജെപിയുടെ രണ്ട് അംഗങ്ങളും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
ഒരു ബി ജെ പി അംഗം ഹാജരായില്ല. യുഡിഎഫിന് അംഗങ്ങളും എൽഡിഎഫിന് ഒൻപത് അംഗങ്ങളുമാണുളളത്.
എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡി.രഞ്ജിത്ത്കുമാറിനെ നാലു വോട്ടുകൾക്കാണ് റാവുത്തർ പരാജയപ്പെടുത്തിയത്.
നഗരസഭയിൽ ചെയർമാൻ സ്ഥാനം മൂന്നുപേർക്കു പങ്കിടാനാണ് നിലവിൽ ധാരണ.
കോൺഗ്രസ് നേതൃത്വത്തിന്റെ ഔദോഗിക തീരുമാനം വരുമ്പോൾ ഒരാളെക്കൂടി പരിഗണിക്കുമെന്നും അഭ്യൂഹമുണ്ട്.
മൂന്നുവർഷം അബ്ദുൽസലാം റാവുത്തർക്ക് ചെയർമാൻസ്ഥാനമെന്നാണ് നിലവിലെ ധാരണ.
അടുത്ത ഓരോ വർഷം കോൺഗ്രസ് അംഗങ്ങളായ ഇടവട്ടം ജയകുമാർ, പി.ഡി.പ്രസാദ് എന്നിവർ ചെയർമാൻ ആകും.
*അഡ്വ വി.പി. നാസർ ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ.*
ഈരാറ്റുപേട്ട നഗരസഭയുടെ ചെയർമാനായി മുസ്ലിം ലീഗിലെ അഡ്വ. വി.പി. നാസറിനെ തെരഞ്ഞെടുത്തു.
16 വോട്ടുകൾ നേടിയാണ് വി.പി. നാസർ തെരഞ്ഞെടുക്കപ്പെട്ടത്.
സജു എസ് വരണാധികാരിയായിരുന്നു.
എൽ.ഡി.എഫിന്റെ ഇ.എ. സവാദ് ഇഞ്ചക്കാടൻ, എസ്.ഡി.പി.ഐയുടെ സുബൈർ വെള്ളാപ്പള്ളി എന്നിവരും ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സര രംഗത്ത് ഉണ്ടായിരുന്നു.
എൽ.ഡി.എഫിന് 10 ഉം എസ്.ഡി.പി.ഐക്ക് 3 വോട്ടും ലഭിച്ചു.