പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്സ് കാമ്പയിനു മുന്നോടിയായുള്ള കോട്ടയം ജില്ലാതല പരിപാടി തിങ്കളാഴ്ച വൈകുന്നേരം

 

കോട്ടയം: പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ്സ് കാമ്പയിനു മുന്നോടിയായുള്ള കോട്ടയം ജില്ലാതല പരിപാടി  തിങ്കളാഴ്ച (ഡിസംബര്‍ 29) നടക്കും.  


വൈകുന്നേരം അഞ്ചിന് തിരുനക്കര മൈതാനത്ത് സഹകരണം-തുമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചലച്ചിത്ര നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ മുഖ്യാതിഥിയാകും. 


പരിപാടിയുടെ ഭാഗമായി പ്രത്യേകം ബ്രാന്‍ഡ് ചെയ്ത കെ.എസ്.ആര്‍.ടി.സി ബസില്‍ ക്രമീകരിച്ച വിളംബര ജാഥ   തിങ്കളാഴ്ച (ഡിസംബര്‍ 29) വൈകുന്നേരം ജില്ലയില്‍ എത്തും. വൈകുന്നേരം നാലിന്  പട്ടിത്താനം റൗണ്ട് എബൗട്ടില്‍ നിന്ന്  സൈക്കിള്‍ റാലിയുടെ അകമ്പടിയോടെ ജാഥയെ കോട്ടയം നഗരത്തിലേക്ക് ആനയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ അറിയിച്ചു. 


തിരുനക്കര മൈതനാത്ത് വ്യായാമ- യോഗ പ്രദര്‍ശനം, സുംബ ഡാന്‍സ് ,ആയോധനകലകള്‍, മ്യൂസിക്കല്‍ ഇവന്റ് എന്നിവ സംഘടിപ്പിക്കും.


ഡിസംബര്‍ 26ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച വിളംബര ജാഥ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഒന്നാം തീയതി കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.


ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങളാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ അടിസ്ഥാനമാക്കി ജനങ്ങളുടെ ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിന്  സമഗ്ര ബോധവത്ക്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.


ആയുഷ്, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, കായികം, യുവജനക്ഷേമം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകളും സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, എന്‍.എസ്.എസ് യൂണിറ്റുകള്‍ തുടങ്ങിയവയും പരിപാടിയുമായി സഹകരിക്കുന്നു. 


Previous Post Next Post