അസാധു വോട്ട് തകർത്തത് 25 വർഷത്തെ കാത്തിരിപ്പ്; ഭൂരിപക്ഷം കിട്ടിയിട്ടും മൂപ്പൈനാട് പഞ്ചായത്തിൽ എൽഡിഎഫിന് ഭരണ നഷ്ടം

 

കൽപ്പറ്റ: രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തിൽ ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടും എൽഡിഎഫിന് മോഹഭംഗം. നാടകീയമായ സംഭവങ്ങൾ അരങ്ങേറിയ തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സി വി സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


കക്ഷിനില അനുസരിച്ച് ഇടതുപക്ഷത്തിനായിരുന്നു പഞ്ചായത്തിൽ മുൻതൂക്കം. ഒമ്പത് അംഗങ്ങളായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫിന് എട്ട് അംഗങ്ങളുമായിരുന്നു. വോട്ടെടുപ്പ് നടന്നതോടെ ഒമ്പത് വോട്ടുകൾ ലഭിക്കേണ്ടിയിരുന്ന എൽഡിഎഫ് സ്ഥാനാർഥി വി. കേശവന് എട്ട് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൽഡിഎഫിലെ ഒമ്പതാം വാർഡ് മെമ്പറുടെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. ഇരുമുന്നണികൾക്കും എട്ട് വീതം വോട്ടുകൾ ലഭിക്കുകയും മത്സരം തുല്യനിലയിലാവുകയും ചെയ്തു.


വോട്ടുനില തുല്യമായതിനെത്തുടർന്ന് വിജയിയെ കണ്ടെത്താനായി അധികൃതർ നറുക്കെടുപ്പ് നടത്തി. ഇവിടെ ഭാഗ്യം യുഡിഎഫിനെ തുണയ്ക്കുകയായിരുന്നു. നറുക്കെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ സി വി സുധ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. മൂപ്പൈനാട് പഞ്ചായത്തിൽ ഭരണം പിടിക്കാൻ എൽഡിഎഫിന് ഇനിയും കാത്തിക്കാനാണ് യോഗം.

Previous Post Next Post