55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായത് മമ്മൂട്ടിയാണ്. തന്റെ ഏഴാമത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പരസ്‌കാരമാണ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെ തേടിയെത്തിയത്. മമ്മൂട്ടിയുമായി മികച്ച നടനാകാൻ ശക്തമായി മത്സരിച്ച ആസിഫ് അലിയേയും ടൊവിനോ തോമസിനേയും തേടി ജൂറിയുടെ പ്രത്യേക പരാമർശവുമെത്തി.
ഭ്രമയുഗത്തിലൂടെ സിദ്ധാർത്ഥ് ഭരതനും മഞ്ഞുമ്മൽ ബോയ്‌സിലൂടെ സൗബിൻ ഷാഹിറും മികച്ച സ്വഭാവ നടന്മാരുമായി. എന്നാൽ പുരസ്‌കാര പ്രഖ്യാപനത്തിൽ ചില പേരുകൾ കേൾക്കാതെ പോയത് കടുത്ത വിമർശനങ്ങൾക്ക് ഇടവരുത്തിയിരിക്കുകയാണ്. അങ്ങനെ തഴയപ്പെട്ട പേരുകളിലൊന്നാണ് നടൻ വിജയരാഘവന്റേത്. പോയ വർഷം കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ അമ്പരപ്പിച്ച വിജയരാഘവനെ തേടി പുരസ്‌കാരമോ പരാമർശമോ എത്തിയില്ല.
സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് വിജയരാഘവന് പുരസ്‌കാരം നൽകാത്തത് ചോദ്യം ചെയ്‌തെത്തിയിരിക്കുന്നത്. മികച്ച നടനാകാനടക്കം അർഹനായിരുന്നു വിജയരാഘവനെന്നും സ്വഭാവ നടൻ പോലും ലഭിക്കാത്തത് ഞെട്ടിച്ചുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം, വിജയരാഘവന് പുരസ്‌കാരം ലഭിക്കാതിരുന്നത് എന്തുകൊണ്ട് ഇന്നലെ ജൂറി ചെയർമാൻ വിശദീകരിച്ചിരുന്നു.
'കിഷ്‌കിന്ധാ കാണ്ഡത്തിൽ വിജയരാഘവനും വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷേ ഭ്രമയുഗത്തിലെ സിദ്ധാർത്ഥിന്റെ പ്രകടനവും മഞ്ഞുമ്മൽ ബോയ്‌സിലെ സൗബിന്റെ പ്രകടവും കണ്ടപ്പോൾ അവർ അവർക്ക് താങ്ങാനാകാത്ത റോളുകൾ വളരെ മികച്ചതായി ചെയ്തു എന്നാണ് തോന്നിയത്'' എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. പുരസ്‌കാരം കിട്ടിയില്ല എന്ന് കരുതി വിജയരാഘവൻ മികച്ച നടനല്ലാതാകുന്നില്ല. എന്നു കരുതി മറ്റു താരങ്ങളുടെ പ്രകടനങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ലെന്നാണ് പ്രകാശ് രാജ് പറയുന്നത്.
അതേസമയം മമ്മൂട്ടി മികച്ച നടനായപ്പോൾ ഷംല ഹംസയാണ് മികച്ച നടിയായത്. മഞ്ഞുമ്മൽ ബോയ്‌സ് ആണ് മികച്ച സിനിമ. ചിത്രത്തിലൂടെ ചിദംബരം മികച്ച സംവിധായകനുമായി. പത്ത് പുരസ്‌കാരങ്ങളാണ് മഞ്ഞുമ്മൽ ബോയ്‌സിനെ തേടിയെത്തിയത്. സൗബിനും സിദ്ധാർത്ഥും മികച്ച സ്വഭാവ നടന്മാരായപ്പോൾ ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി.
