തൃശ്ശൂർ: കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ ഇപ്പോൾ തൃശ്ശൂരിൽ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വമ്പിച്ച മുന്നേറ്റമുണ്ടാകും. സ്ഥാനാർഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ മനസാക്ഷിക്ക്, കേരളത്തിന്റെ ദാരിദ്ര്യമുഖത്തിന് വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് എന്റെ കൂട്ടത്തിലുള്ള ആൾക്കാരോ ഇപ്പോൾ ഭരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവരോ അല്ല പറയേണ്ടത്. അത് കേരളത്തിലെ ജനസമൂഹം പറയണം. വട്ടവട പറയുമോ?, അവിടെ ഞാൻ കണ്ട ദുരിതമെന്താണെന്ന് മാധ്യമപ്രവർത്തകൾ ജനങ്ങളെ അറിയിക്കാൻ ശ്രമിച്ചോ?' സുരേഷ് ഗോപി ചോദിച്ചു.
'ബിജെപിയിൽ ക്രമാതീതമായി പ്രതീക്ഷ വർധിച്ചുവെന്ന് ജനങ്ങൾ പറയുന്നതാണ് ഞങ്ങളുടെ ആത്മവിശ്വാസമെന്നും പോകുന്നയിടങ്ങളിൽ നിന്നൊക്കെ ലഭിക്കുന്ന സൂചന അതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ കുറച്ച് പ്രധാന്യം കൂടുതലാണ്. 2024 ജൂൺ നാലിനുശേഷം കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം. സത്യസന്ധമായ പൾസ് തൃശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്. വികസിത് ഭാരത് 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവർത്തനം. കേരളം അതിൽ അനിവാര്യതയാണ്.'
'നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ അല്ല കാര്യം. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണ നിർവഹണത്തിന് ബിജെപിയുടെ സാന്നിധ്യം ഉണ്ടാകും. തൃശൂർ നഗരസഭയിൽ ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകും. കൃത്യമായി സ്ഥാനാർത്ഥികളെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാം. ജനങ്ങൾ ബിജെപിയുടെ പ്രചാരണം ആവാഹിച്ചു കഴിഞ്ഞുവെന്നും' സുരേഷ് ഗോപി പറഞ്ഞു.
