കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ സംവിധായകൻ വി എം വിനു യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫോണിൽ വി എം വിനുവുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. തെരഞ്ഞെടുപ്പിൽ വി എം വിനു മത്സരിക്കുമെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
കോഴിക്കോട് ഡിസിസി ഓഫീസിൽ കോഴിക്കോട് കോർപറേഷൻ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അവസാന ഘട്ട ചർച്ചകൾ നടന്നുവരികയാണ്. അതിനിടെയാണ് വി എം വിനു സ്ഥാനാർഥിയാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് ഉണ്ട്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചെന്നിത്തല ഫോണിൽ വി എം വിനുവിനെ ബന്ധപ്പെട്ടതായാണ് വിവരം. ചെന്നിത്തല ഫോണിൽ വിളിച്ചപ്പോൾ വി എം വിനു എന്ത് പ്രതികരണമാണ് നടത്തിയത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. എങ്കിലും ഇത്തവണ കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ വി എം വിനു മത്സരിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
ഉച്ചയ്ക്ക് ഒരുമണിക്കാണ് സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. ഒറ്റഘട്ടത്തിൽ തന്നെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കണമെന്നില്ല. അതിനിടെയാണ് തിരക്കിട്ട നീക്കം കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി എൽഡിഎഫാണ് കോർപറേഷൻ ഭരിക്കുന്നത്. ഇത്തവണ എങ്ങനെയെങ്കിലും കോർപറേഷൻ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. അതിന്റെ ഭാഗമായി വി എം വിനു അടക്കമുള്ള ജനപ്രിയ മുഖങ്ങളെ രംഗത്തിറക്കി കളം പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
