തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവർഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാൻ ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നൽകാനുള്ള സിപിഎം തീരുമാനം. നിലവിലെ സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. അതിന്റെ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് കുടി കാലാവധി നീട്ടി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച സർക്കാർ ഓർഡിനൻസ് ഉടൻ തന്നെ ഇറങ്ങും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും.
2023ലാണ് പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റത്. പ്രസിഡന്റ് സ്ഥാനത്ത് കെ അനന്തഗോപന്റെ കാലാവധി കഴിഞ്ഞതോടെയാണ് പ്രശാന്ത് ചുമതലയേറ്റത്. കെ എസ് യുവിലൂടെ പൊതു രംഗത്തെത്തിയ പ്രശാന്ത്, കെ എസ് യു തിരുവനന്തപുരം ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് യൂത്ത് വെൽഫയർ ബോർഡ് വൈസ് ചെയർമാനായിരുന്നു. 2021 ൽ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി. തെരഞ്ഞെടുപ്പ് പരാജയത്തിന് പലോട് രവിയുടെ നിസ്സഹകരണമാണെന്ന് കാണിച്ച് പ്രശാന്ത് കെപിസിസിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പുനഃസംഘടനയിൽ പാലോട് രവിയെ ഡിസിസി പ്രസിഡന്റായി നിയമിച്ചതോടെയാണ് പിഎസ് പ്രശാന്ത് കോൺഗ്രസ് വിട്ട് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചത്.
