ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഇന്നലെ രാത്രിയോടെയാണ് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് എംഎല്‍എക്കെതിരെ കേസെടുക്കാനുള്ള നീക്കം. ഇതിന് ശേഷം യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താനും പൊലീസ് അപേക്ഷ നല്‍കും. താൻ നേരിട്ട് ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. ഇന്ന് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. വാട്സ്‌ആപ്പ് ചാറ്റുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി കൈമാറിയിട്ടുണ്ട്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസില്‍ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് ലൈംഗിക പീഡന പരാതിയില്‍ കേസെടുക്കുന്നത്. ഏതൊക്കെ വകുപ്പുകളായിരിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.