'സ്‌നേഹം പ്രകടിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി, തല ഭിത്തിയിൽ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു'; കോട്ടയം കുമാരനല്ലൂരിൽ യുവതിക്ക് ക്രൂരമർദ്ദനം, ഭർത്താവ് ഒളിവിൽ

കോട്ടയം: കുമാരനെല്ലൂരിൽ യുവതിയെ തല്ലിച്ചതച്ച് ഭർത്താവ്. 39കാരിയായ രമ്യമോഹനെയാണ് ജയൻ ശ്രീധരൻ മർദ്ദിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളജിൽ ചികിത്സ തേടി. വർഷങ്ങളായി മർദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ജയൻ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു.യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ ജയൻ ഒളിവിലെന്ന് കോട്ടയം വെസ്റ്റ് പൊലീസ് പൊലീസ് പറഞ്ഞു.


ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിന് മുൻപുള്ള രണ്ടു മൂന്ന് ദിവസം ഭർത്താവ് വലിയ സ്‌നേഹ പ്രകടനമാണ് നടത്തിയതെന്ന് രമ്യ മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. 'പൊന്നേ, മോളേ എന്നെല്ലാം വിളിച്ചായിരുന്നു സ്‌നേഹ പ്രകടനം. സംഭവ ദിവസം എന്നെ ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നു. വൈകുന്നേരമായപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് വിളിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മർദ്ദനം തുടങ്ങിയത്'- രമ്യ മോഹൻ പറഞ്ഞു.


'വീട്ടിലെത്തിയ ശേഷം ആദ്യ ചെവിക്കല്ലിന് അടിച്ചു. തലയെല്ലാം ഭിത്തിയിലിട്ട് ഇടിച്ചു. മുഖമെല്ലാം ഇടിച്ചു പൊട്ടിച്ചു. ഇന്നേവരെയുള്ള എല്ലാ കേസുകളും നമ്മൾ കെട്ടിച്ചമച്ചതാണ്. അയാൾ ഒന്നും ചെയ്തിട്ടില്ല. എല്ലാം നമ്മൾ തന്നെ കൃത്രിമമായി സൃഷ്ടിച്ചതാണ്. അത് സമ്മതിപ്പിക്കുന്നു. അതിന് ശേഷം എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പറഞ്ഞു. കാരണം സ്വത്തിനെല്ലാം അവകാശി നീയാണ്. അതുകൊണ്ട് നീയും നിന്റെ നശിച്ച മക്കളും ഇതിന് അവകാശിയായിട്ട് ഇരിക്കാനും പാടില്ല. അയാളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകണം. ഒന്നെങ്കിൽ ഞാൻ തൂങ്ങിചാവണം. അല്ലെങ്കിൽ ഞങ്ങൾ നാലുപേരും കൂടി ആത്മഹത്യ ചെയ്യണം. അയാൾക്ക് ജീവിക്കാനുള്ള വഴി ഉണ്ടാക്കി കൊടുത്തില്ലെങ്കിൽ കൊല്ലും എന്ന് പറഞ്ഞു. മുൻപും സമാനമായി ഉപദ്രവിച്ചിട്ടുണ്ട്. പൊള്ളിച്ചിട്ടുണ്ട്. അന്ന് ഖത്തറിലായിരുന്നു. ഇറങ്ങിയോടാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. നാട്ടിൽ വന്നിട്ട് നാലുവർഷമായി. ഇങ്ങനെ തന്നെയായിരുന്നു ഇയാളുടെ രീതികൾ. മൂന്ന് പ്രാവശ്യം കേസ് കൊടുത്തു. ഒരു തവണ കൈയും കാലും പിടിച്ച് കരഞ്ഞു നാടകം കളിച്ചപ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് പലപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.'- രമ്യ മോഹൻ പറഞ്ഞു.

Previous Post Next Post