സ്ഥിരതാമസമുള്ള വിലാസത്തിൽ അല്ല വോട്ടെന്ന് ആരോപണം: തിരുവനന്തപുരം മുട്ടട ഡിവിഷനിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പരാതി: അന്തിമ വോട്ടർപട്ടിക വരെ കാത്തിരിക്കാൻ നിർദ്ദേശം

 

തിരുവനന്തപുരം: സ്ഥിരതാമസമുള്ള വിലാസത്തിൽ അല്ല വോട്ടെന്ന് ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെതിരെ പരാതി. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സിപിഎം ആണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈഷ്ണ സുരേഷ് ഹിയറിങ്ങിന് ഹാജരായി. അന്തിമ വോട്ടർപട്ടിക വരെ കാത്തിരിക്കാൻ ഹിയറിങ്ങിന് ശേഷം അധികൃതർ നിർദേശിച്ചു.


വോട്ട് കൺഫേം ചെയ്യാൻ വേണ്ടി 14-ാം തീയതി വരെ കാത്തിരിക്കാനാണ് തനിക്ക് ലഭിച്ച മറുപടിയെന്ന് ഹിയറിങ്ങിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് പറഞ്ഞു. ഓൾറെഡി ലിസ്റ്റിലുള്ള വോട്ടാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ വോട്ടു ഉറപ്പാക്കാൻ വേണ്ടി 14 വരെ കാത്തിരിക്കണമെന്നാണ് പറയുന്നത്. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വൈഷ്ണ പറയുന്നു.


സ്ഥാനാർത്ഥി എന്ന നിലയിൽ മാനസികമായി തളർത്തുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. തന്റെ അച്ഛനും താനുമെല്ലാം ജനിച്ചതും ജീവിക്കുന്നതും ഇതേ വാർഡിൽ തന്നെയാണ്. ഇവിടെത്തന്നെയാണ് വോട്ടു ചെയ്തു വരുന്നതും. സ്ഥാനാർത്ഥി ആയപ്പോഴാണ് അവർ പ്രശ്‌നം ഉണ്ടാക്കുന്നത്. രാഷ്ട്രീയ വേട്ടയാടലാണെന്നും വൈഷ്ണ സുരേഷ് ആരോപിക്കുന്നു.


തിരുവനന്തപുരത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന വാർഡായി മുട്ടട ഡിവിഷൻ മാറിയിരുന്നു. സിപിഎമ്മിന്റെ മുൻ കൗൺസിലർ അംശു വാമദേവനെതിരെ, 24 കാരിയും കെഎസ് യു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമായ വൈഷ്ണ സുരേഷ് മത്സര രംഗത്തെത്തിയതോടെയാണ് പോരാട്ടം ശ്രദ്ധേയമായത്.


കഴിഞ്ഞ ദിവസമാണ് സിപിഎം വൈഷ്ണയ്‌ക്കെതിരെ കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയത്. വൈഷ്ണ സ്ഥിരമായി താമസിക്കുന്ന സ്ഥലത്തല്ല വോട്ടുള്ളതെന്നാണ് പരാതിയിൽ പറയുന്നത്. വൈഷ്ണ താമസിക്കുന്നത് അമ്പലമുക്കിലാണെന്നും, എന്നാൽ വോട്ടുള്ളത് മുട്ടടയിലുമാണ്. അതിനാൽ വോട്ടർപട്ടികയിൽ നിന്നും പേരു നീക്കം ചെയ്യണമെന്നാണ് സിപിഎം പരാതിയിൽ ആവശ്യപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വരെ മുട്ടടയിലാണ് വോട്ടു ചെയ്തതെന്നാണ് വൈഷ്ണ സുരേഷ് പറയുന്നത്.

Previous Post Next Post