നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂർ പിന്നിടുമ്ബോള്‍ വന്‍ ലീഡുമായി ബി ജെ പിയും ജെ ഡി യുവും നയിക്കുന്ന എന്‍ ഡി എ സഖ്യത്തിന് വന്‍ മുന്നേറ്റം.
ആദ്യ ഒന്നര മണിക്കൂർ കഴിയുമ്പോൾ മഹാസഖ്യത്തേക്കാൾ ഇരട്ടിയിലധികം സീറ്റുകളിൽ ആണ് ബിജെപി ജെഡിയു സഖ്യം ലീഡ് ചെയ്യുന്നത്.
ഒടുവിൽ വിവരം കിട്ടുമ്പോൾ 152 സീറ്റിലാണ് എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. മഹാ സഖ്യം 73 സീറ്റിൽ ഒതുങ്ങി.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 100 സീറ്റുകളിലാണ് ഭരണകക്ഷിയായ എന്‍ ഡി എ സഖ്യം മുന്നിട്ട് നിന്നത്. എന്നാല്‍ പ്രതിപക്ഷ കൂട്ടായ്മയായ ആർ ജെ ഡി - കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് 75 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വന്‍ പ്രതീക്ഷകളുമായി എത്തിയ പ്രശാന്ത് കിഷോറിന്‍റെ ജന്‍സുരാജ് പാർട്ടി 3 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ആദ്യഘട്ട ഫല സൂചനകള്‍. എന്‍ ഡി എ സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ തന്നെ അധികാരം നിലനിർത്തും എന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. രണ്ട് സീറ്റില്‍ മാറ്റം മറ്റ് പാർട്ടികളും മുന്നിട്ട് നില്‍ക്കുന്നുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം കിഷന്‍ഗഞ്ച് ഉള്‍പ്പെടേയുള്ള മേഖലകളില്‍ ഇത്തവണ ആർ ജെ ഡി സഖ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ തവണ 110 സീറ്റുകളില്‍ മത്സരിച്ച ബി ജെ പി 74 സീറ്റില്‍ വിജയിച്ചപ്പോള്‍ 115 സീറ്റില്‍ പോരാട്ടത്തിന് ഇറങ്ങിയ ജെ ഡി യുവിന്‍റെ വിജയം 43 സീറ്റില്‍ ഒതുങ്ങി. വികാസ് ഇന്‍സാന്‍ പാർട്ടി - 4, ഹിന്ദുസ്ഥാന്‍ ആവാമി മോർച്ച - 4 എന്നിങ്ങനെയായിരുന്നു സഖ്യത്തിലെ മറ്റ് സ്ഥാനാർത്ഥികള്‍ നേടിയ സീറ്റുകള്‍. പ്രതിപക്ഷ സഖ്യത്തില്‍ 144 സീറ്റില്‍ മത്സരിച്ച ആർ ജെ ഡി 75 ലും കോണ്‍ഗ്രസ് 70 ഇടത്ത് മത്സരിച്ച് 19 സീറ്റിലും വിജയിച്ചു. സി പി ഐ -എംഎല്‍ - 12, സി പി എം - 2, സി പി ഐ -2 എന്നിങ്ങനെ മറ്റ് പാർട്ടികളും നേടി. ഇരു സഖ്യത്തിന് പുറത്ത് മത്സരിച്ച എഐഎംഐഎം 5 സീറ്റിലും വിജയിച്ചു.
അതേസമയം ഇത്തവണ എന്‍ ഡി എ സഖ്യത്തില്‍ ബി ജെ പി 101, ജെ ഡി യു 101, എല്‍ ജെ പി 28, എച്ച് എ എം 6, രാഷ്ട്രീയ ലോക് മോർച്ച 6, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് സീറ്റ് വിതരണം. പ്രതിപക്ഷ മഹാസഖ്യത്തില്‍ ആർ ജെ ഡി 143, കോണ്‍ഗ്രസ് 61, സി പി ഐ-എംഎല്‍ 20, വികാസ് ഇന്‍സാന്‍ പാർട്ടി 12, സി പി ഐ 9, സി പി എം 4, ഐ ഐ പി 3, ജെ ജെ ഡി 1 എന്നിങ്ങനെയാണ് മത്സരം.