കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചാരണത്തിന് വാശിയേറി. എൽ ഡി എഫ് , യു ഡി എഫ് മുന്നണികൾ ഭൂരിപക്ഷ ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലാണ്. പഞ്ചായത്ത് വാർഡ് തല കണ്‍വൻഷനുകളുടെ തിരക്കിലാണ് സ്ഥാനാർത്ഥികളും മുന്നണികളും.
ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയാകുമ്ബോള്‍ കൂടുതല്‍ സീറ്റുകള്‍ പിടിയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സർക്കാർ വിരുദ്ധതയും ശബരിമലയും വൻ വിജയം നല്‍കുമെന്ന വിശ്വാസത്തിലാണ് യു.ഡിഎഫ്.
കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ശബരിമലയും ക്രൈസ്തവ വോട്ടർമാരില്‍ വന്ന മാറ്റവും നില മെച്ചപ്പെടുത്തുമെന്ന് എൻ.ഡിഎയും കണക്കുകൂട്ടുന്നു.
യു.ഡി.എഫിനായി നേതാക്കളുടെ പട തന്നെ ജില്ലയില്‍ പ്രചാരണത്തിനെത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അരഡസനോളം പൊതുയോഗങ്ങളില്‍ പങ്കെടുത്തു. ഡിസംബർ മൂന്നിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ആറിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും പ്രചാരണത്തിന് ജില്ലയില്‍ എത്തുന്നുണ്ട്.
എല്‍.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് മന്ത്രി വി.എൻ വാസവനാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ സാധാരണക്കാർക്കിടയില്‍ നേട്ടമാകുമെന്നും സ്വർണപാളി വിവാദം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്നുമുള്ള വിലയിരുത്തലാണ് ജില്ലാ കമ്മറ്റിയില്‍ നേതാക്കള്‍ നല്‍കിയത്.
എൻ.ഡി.എയും പ്രതീക്ഷയില്‍
ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും നില മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പുറമേ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരും പ്രചാരണത്തിനെത്തും.
