കൊച്ചി: ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പറഞ്ഞതൊന്നും നടന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഒരു ഏകോപനവും ഇല്ലേയെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. കൃത്യമായ വിലയിരുത്തലുകൾ നടത്തിയെന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാകുന്നതെന്നും കോടതി ആരാഞ്ഞു.
ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ച് പരമാവധി എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് കണക്കാക്കി ശാസ്ത്രീയ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകേണ്ടത്. എന്തുകൊണ്ടാണ് നാലായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്നിടത്ത് 20,000 പേരെ തിരികി കയറ്റാൻ ശ്രമിക്കുന്നത്?. സന്നിധാനത്ത് എത്രപേരെ ഉൾക്കൊള്ളാനാകുമെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ വ്യക്തത വരുത്തണം. അതിന്റെ അടിസ്ഥാനത്തിലാകണം ആളുകളെ കയറ്റി വിടേണ്ടത്.
ആളുകളെ തിക്കിത്തിരക്കി എന്തിനാണ് ഭക്തരെ ഇങ്ങനെ കയറ്റി വിടുന്നതെന്ന് കോടതി ചോദിച്ചു. പരമാവധി ആളുകളെ കയറ്റി വിട്ടിട്ട് എന്താണ് കാര്യം. കുട്ടികളും പ്രായമായവരും വരെ ഇതുമൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. സ്ഥലപരിമിതി ഒരു യാഥാർത്ഥ്യമാണ്. അതുൾക്കൊണ്ടുകൊണ്ടുള്ള ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. പൊലീസിനെക്കൊണ്ടു മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശബരിമല മുന്നൊരുക്കളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസമായി കൂടിയാലോചനകൾ നടക്കുന്നു. എന്നാൽ ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്നും ഏകോപനം ഇല്ലാതെ പോയി എന്നതിന് തെളിവാണ് ഇന്നലെയുണ്ടായ വൻ തിരക്ക്. മാസങ്ങൾക്ക് മുമ്പേ തുടങ്ങേണ്ട ഏകോപനം അവസാന നാളുകളിൽ തുടങ്ങിയതാണ് ഈ വീഴ്ചയ്ക്ക് കാരണം. തോന്നിയപോലെ ആളുകളെ കയറ്റുന്നത് തെറ്റായ സമീപനമാണെന്നും കോടതി വിമർശിച്ചു.
.jpg)