ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി.
ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മപദ്ധതി രണ്ടുമാസത്തിനകം തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചു
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്നവര്‍ മണിക്കൂറുകള്‍ വരി നിന്ന് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ദര്‍ശനം സുഗമമാക്കാനാണ് നിര്‍ദേശങ്ങള്‍. സാധാരണ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുടെ എണ്ണം ശാസ്ത്രീയമായി തിട്ടപ്പെടുത്തണം. അതിനനുസരിച്ചാകണം പ്രവേശനം. ഭക്തര്‍ക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും വെവ്വേറെ പോയിന്റുകള്‍ സ്ഥാപിക്കണം. 300-500 പേരുള്‍പ്പെട്ട ഗ്രൂപ്പുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ച് ഓരോ ഗ്രൂപ്പിനെയും ഏകദേശ ദര്‍ശനസമയം അറിയിക്കണം. ഇതുമൂലം ഏറെ നീണ്ട കാത്തുനില്‍പ്പ് ഒഴിവാക്കാനാകും. സ്‌പോട്ട് ബുക്കിങ്ങിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. പൂജാ ചടങ്ങുകളുടെ സമയവിവരം അറിയിക്കാന്‍ മൊബൈല്‍ ആപ്പും ദര്‍ശനത്തിനുള്ള ക്യൂവിന്റെ നീക്കം കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേയും വേണം.
ഭക്തര്‍ക്ക് വെള്ളം, ഇരിപ്പിടം, ലഘുഭക്ഷണം, തണല്‍, ഫാന്‍ എന്നിവ ഉറപ്പാക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും വിശ്രമസ്ഥലത്തിനു പുറമേ ദര്‍ശനത്തിന് മുന്‍ഗണനയും ഉറപ്പാക്കണം. ഭക്തര്‍ക്ക് മാന്യമായ ദര്‍ശനം ഉറപ്പാക്കണം. ജീവനക്കാരുടെ മോശം പെരുമാറ്റം തടയണം. ഇവര്‍ക്ക് പതിവായി പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ആഴ്ചയില്‍ രണ്ട് ദിവസം ഓണ്‍ലൈന്‍ ബുക്കിങ് പരിഗണിക്കണം. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവരുടെ സൗകര്യാര്‍ഥമാണ് ഓണ്‍ലൈന്‍ സൗകര്യം നിര്‍ദേശിച്ചിരിക്കുന്നത്. തന്ത്രിയുമായി കൂടിയാലോചിച്ച് ദര്‍ശനസമയം കൂട്ടുന്ന കാര്യം പരിഗണിക്കാനും ജസ്റ്റിസ് വി. രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. വകുപ്പുകളുടെ ഏകോപനത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
