തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ പ്രസിഡൻറ്; ദേവകുമാറും സമ്പത്തും പരിഗണനയിൽ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടില്ല. പുതിയ ഭരണസമിതിയെ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ ബോർഡിനേയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്ക് ഹൈക്കോടതി വീണ്ടും വിരൽചൂണ്ടിയതോടെയാണ് സർക്കാർ മുൻ തീരുമാനം മാറ്റുന്നത്. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ധാരണയിലെത്തും.


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകാനായിരുന്നു സർക്കാർ ആലോചിച്ചിരുന്നത്. നിലവിലെ ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോർഡ് അംഗം എ അജികുമാറിന്റെയും കാലാവധി ഈ മാസം 12 ന് അവസാനിക്കുകയാണ്. ഈ മാസം 16 ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോർഡിന്റെ കാലാവധി 2026 ജൂൺ വരെ നീട്ടാനായിരുന്നു സർക്കാർ ആലോചിച്ചിരുന്നത്.


2019 ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളിലെ പാളികൾ ഈ വർഷം വീണ്ടും സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ ബോർഡും സംശയനിഴലിലായത്. ഈ സാഹചര്യത്തിൽ നിലവിലെ ബോർഡിനെ തുടരാൻ അനുവദിച്ചാൽ കോടതിയിൽ നിന്നടക്കം തിരിച്ചടിയായേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. ബോർഡിന്റെ കാലാവധി നീട്ടി ഓർഡിനൻസ് പാസ്സാക്കിയാലും കോടതി പരാമർശം ചൂണ്ടിക്കാട്ടി ഗവർണർ ഒപ്പിടാതിരിക്കാനുള്ള സാഹചര്യവുമുണ്ട്.


തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ എംഎൽഎ ടി കെ ദേവകുമാറിനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ കയർഫെഡ് ചെയർമാനാണ്. ഹരിപ്പാട് മുൻ എംഎൽഎയായ ദേവകുമാർ, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. മുൻ എംപി എ സമ്പത്തിന്റെ പേരും ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. കാലാവധി കഴിയുന്ന അജികുമാറിന് പകരം, സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണൻ ദേവസ്വം ബോർഡ് അംഗമായേക്കുമെന്നും സൂചനയുണ്ട്.

Previous Post Next Post