ലഖ്നൗ: ചിക്കൻ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കല്യാണവീട്ടിൽ സംഘർഷം. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ് സംഭവം. സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 15ലധികം പേർക്ക് പരിക്കേറ്റു. പൊലീസെത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്.
ബിജ്നോർ, നാഗിനയിലെ ഫലക് വിവാഹ ഹാളിലായിരുന്നു സംഭവം. വധുവിന്റേയും വരന്റേയും പക്ഷത്തുള്ളവർ ചേരിതിരിഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇതിന്റെ വിഡിയോ പുറത്തുവന്നു. രണ്ട് കുടുംബങ്ങളും പരസ്പരം കുറ്റപ്പെടുത്തി, വരന്റെ ബന്ധുക്കൾ ഭക്ഷണം പൂഴ്ത്തിവെച്ചതായി ആരോപിച്ചപ്പോൾ വധുവിന്റെ ബന്ധുക്കൾ മോശം അനുഭവം നേരിട്ടുവെന്നും ആരോപിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഹൃദ്രോഗിയായ ഒരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
'ഞങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ചിക്കൻ ഫ്രൈ നൽകുന്ന കൗണ്ടറിന് മുന്നിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. അതിഥികൾ ചിക്കൻ ഫ്രൈയ്ക്കായി കാത്തുനിൽക്കവെ പൊടുന്നനെയാണ് അടി പൊട്ടിയത്. അവിടെ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ടായിരുന്നു. വലിയ തിക്കുംതിരക്കുമുണ്ടായി. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അയാളുടെ നില ഗുരുതരമാണ്.' -ദൃക്സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറഞ്ഞു.
സ്ഥലത്ത് സംഘർഷം നടക്കുന്നതായി അതിഥികളിലാരോ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസ് ഇടപെട്ടതോടെ സ്ഥിതിഗതികൾ ശാന്തമായി. വീണ്ടും സംഘർഷമുണ്ടായേക്കാമെന്ന കാരണത്താൽ ചടങ്ങുകൾ കഴിയുന്നതുവരെ പൊലീസ് സ്ഥലത്ത് തുടർന്നു.
