എസ്‌ഐആർ നീട്ടിവയ്ക്കാൻ സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാനത്തിന്റെ തീർപ്പാക്കി ഹൈക്കോടതി

 

കൊച്ചി: സംസ്ഥാനത്ത് എസ്‌ഐആർ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്‌ഐആറിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വിജി അരുൺ സംസ്ഥാന സർക്കാരിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം.


തദ്ദേശതെരഞ്ഞെടുപ്പ് നടപടികളും എസ്‌ഐആർ നടപടികളും ഒന്നിച്ച് നടത്തുമ്പോൾ ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ എസ്‌ഐആർ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഉദ്യോഗസ്ഥ ക്ഷാമം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.


തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ പകുതിയിലേറെ പൂർത്തിയായെന്നും, ഈ സാഹചര്യത്തിൽ നിർത്തിവയ്ക്കുന്നത് പ്രതിസന്ധിക്ക് ഇടയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നും, സംസ്ഥാനത്തിന് സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്നും വാദത്തിനിടെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Previous Post Next Post