രാഹുൽ വന്ന ഒരിടത്തും കോൺഗ്രസ് ജയിച്ചില്ല, ഫലം കാണാതെ 'വോട്ട് ചോരി'

പട്‌ന: ബിഹാർ  തെരഞ്ഞെടുപ്പ് ഫലം ഇന്ത്യ സഖ്യത്തിന്റെ ദയനീയ പരാജയത്തിനൊപ്പം രാഹുൽ ഗാന്ധി എന്ന നേതാവിന്റെ പ്രചാരണങ്ങൾക്ക് ഏറ്റ തിരിച്ചടി കൂടിയായി. ബിഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന രാഹുൽ ആരോപണം ജനം വിലയ്‌ക്കെടുത്തില്ലെന്നതുകൂടി വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.


ഓഗസ്റ്റ് 17-ന് സസാറാമിൽ നിന്നുതുടങ്ങിയ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിലെ 25 ജില്ലകളിലെ 110 മണ്ഡലങ്ങളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ രാഹുൽ ഗാന്ധി യാത്ര നടത്തിയ റൂട്ടിൽ ഒരിടത്തുപോലും കോൺഗ്രസിന് വിജയിക്കാനായില്ല. നിലവിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് വാൽമീകി നഗർ, കിഷൻ ഗഞ്ച്, മണിഹാരി, ബെഗുസരായി എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.


2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2023-ലെ തെലങ്കാന തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ രാഹുൽ ഗാന്ധിയുടെ യാത്ര സഹായകമായെന്നായിരുന്നു കോൺഗ്രസ് വിലയിരത്തുൽ. 2022നും 2024നും ഇടയിൽ രാഹുൽ ഗാന്ധി നടത്തിയ 'ഭാരത് ജോഡോ' യാത്ര റൂട്ടുകളിൽ 41 സീറ്റുകൾ നേടാൻ സാധിച്ചിരുന്നു. തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുമായി. എന്നാൽ ബിഹാറിൽ ഇത്തരമൊരു മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഭൂരിപക്ഷം സീറ്റുകളിലും എൻഡിഎ മുന്നേറി.


നിലവിൽ ബിജെപി 93 സീറ്റുകളിലും ജെഡിയു 82 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. ഇരു പാർട്ടികളും 101 സീറ്റുകളിലാണ് മത്സരിച്ചത്. മറ്റ് സഖ്യകക്ഷികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മത്സരിച്ച 28 സീറ്റുകളിൽ 22-ലും മുന്നിലാണ്. ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎം 6-ൽ 4 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം 6-ൽ 5 സീറ്റുകളിലും മുന്നിലാണ്.

Previous Post Next Post